ജി.എസ്.ടി: ഹോട്ടല്‍ ഭക്ഷണ വിലയില്‍ കുറവുണ്ടാകും; സിവില്‍ സപ്ലൈസ് 60 ഉല്പന്നങ്ങളുടെ വില കുറച്ചു 

0
186

 ജി.എസ്.ടി നിയമം കര്‍ക്കശമാക്കുന്നതിനെക്കുറിച്ച് ധനമന്ത്രി ഡോ.തോമസ്‌ ഐസക് എഴുതുന്നു..

 

ജി.എസ്.ടി.യുടെ മറവിൽ അമിതലാഭം കൈയടക്കാനുള്ള നിക്ഷിപ്ത താൽപ്പര്യക്കാരുടെ ശ്രമങ്ങളെ ചെറുക്കുന്നതിനുള്ള സർക്കാർ നടപടികൾ ശക്തിപ്പെടുത്തുകയാണ്. നേരത്തെ നിലവിലുണ്ടായിരുന്ന താരിഫ് നിരക്കിനുമേൽ ജി.എസ്.ടി ചുമത്തി ഭക്ഷണവില ഈടാക്കിയിരുന്ന ഹോട്ടൽ ഉടമകൾ സർക്കാരിൻറെ വാദത്തെ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. നേരത്തെയുള്ള നിരക്കിൽ നിന്നും മുമ്പ് നൽകിയിരുന്ന നികുതി കുറച്ചതിനുശേഷം അതിൻമേൽ പുതിയ ജി.എസ്.ടി ചുമത്തുകയാണ് വേണ്ടത് എന്നതാണ് സർക്കാർ നിലപാട്. ഇതിൻ പ്രകാരം സാധാരണ ഹോട്ടലുകളിൽ 5 ശതമാനം വിലയും ഏ.സി ഹോട്ടലുകളിൽ 10 ശതമാനം വിലയും കുറച്ചിട്ടു വേണം ബാധകമായ ജി.എസ്.ടി ചുമത്താൻ എന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇപ്പോൾ ഹോട്ടൽ വ്യാപാരികളുടെ സംഘടനകൾ സാധാരണ ഹോട്ടലുകളിൽ 5 ഉം ഏ.സി ഹോട്ടലുകളിൽ 8 ഉം ശതമാനം കുറയ്ക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്.

കോഴി നികുതി പൂർണ്ണമായും ഇല്ലാതായിട്ടും വില വർദ്ധിക്കുകയാണ് ചെയ്തത്. ജി.എസ്.ടി നടപ്പിലാകുന്നതിൻറെ തൊട്ടുമുമ്പ് ലൈവ് ചിക്കൻറെ വില 14.5 നികുതിയടക്കം 103 രൂപയായിരുന്നു. ഇതിൽ 15 രൂപ നികുതിയായിരുന്നു. അതു കിഴിച്ചാൽ 88 രൂപയാണ് വില. ഈ വിലയ്ക്ക് ലൈവ് ചിക്കൻ ലഭ്യമാക്കണം എന്നതാണ് സർക്കാർ നിലപാട്. തിങ്കളാഴ്ച മുതൽ ഈ വില നിലവിൽ വരുന്നില്ലെങ്കിൽ സർക്കാർ കർശനനിലപാട് സ്വീകരിക്കുമെന്ന വിവരം കോഴി വ്യാപാരികളെ അറിയിച്ചിട്ടുണ്ട്. ഏതാണ്ട് 20 ലക്ഷത്തിലധികം കിലോ ലൈവ് ചിക്കനാണ് കേരളത്തിലെ പ്രതിദിന വിൽപ്പന. ഇത് ഏതാണ്ട് പൂർണ്ണമായും തമിഴ്‌നാട്ടിലെ വ്യാപാരികളുടെ നിയന്ത്രണത്തിലാണ്. അവർ കൃത്രിമമായി വിപണിയിൽ ദൗർലഭ്യം സൃഷ്ടിക്കുകയും വില ഉയർത്തുകയുമാണ് ചെയ്യുന്നത്. കേരളത്തിൽ ചിക്കൻറെ ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ വിരിയിക്കുന്നതിനുള്ള മുട്ട ക്ഷാമമില്ലാതെ ലഭിക്കാൻ പാകത്തിൽ പേരൻറ് സ്റ്റോക്ക് ഉണ്ടാകുക എന്നതാണ്. ഈ ദിശയിലുള്ള ദീർഘകാല പരിപാടി വരുന്ന വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കും. ഇപ്പോൾ ഓരോ പഞ്ചായത്തിലും ആവശ്യമുള്ള ചിക്കൻറെ കഴിയുന്നത്ര പങ്ക് കുടുംബശ്രീ മുഖാന്തിരം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു അടിയന്തിര പരിപാടി നടപ്പിലാക്കുകയും ചെയ്യും. തിങ്കളാഴ്ച മൃഗസംരക്ഷണ വകുപ്പു മന്ത്രിയുടെയും എൻറെയും സാന്നിദ്ധ്യത്തിൽ മൃഗസംരക്ഷണ വകുപ്പിൻറെയും കെപ്‌കോയുടെയും ഉദ്യോഗസ്ഥരും പ്ലാനിംഗ് ബോർഡിലെ വിദഗ്ദ്ധരും യോഗം ചേർന്ന് ഇതിനുള്ള വിശദമായ പരിപാടികൾ തയ്യാറാക്കും. കെപ്‌കോ കോഴിയിറച്ചിയുടെ വില കുറച്ചിരുന്ന വിവരം നേരത്തെ എഴുതിയിരുന്നല്ലോ.
ഏറ്റവും ഫലപ്രദമായ മറ്റൊരു ഇടപെടൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തിയതാണ്. പുതുക്കിയ ജി.എസ്.ടി നിരക്കുകളുടെ അടിസ്ഥാനത്തിൽ സാധനങ്ങളുടെ വില കോർപ്പറേഷൻ പുനർനിർണ്ണയിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ഒരു ഉൽപന്നത്തിനും എം.ആർ.പി.യെക്കാൾ അധികം തുക വരുന്നതേയില്ല. മാത്രമല്ല 60 ഓളം ഉൽപന്നങ്ങൾക്ക് വില കുറയുകയും ചെയ്തു. ഇവയെല്ലാം നിത്യോപയോഗ സാധനങ്ങൾ തന്നെ. സർക്കാർ എന്തെങ്കിലും അധികസഹായം നൽകിയല്ല ഈ വിലക്കുറവ് വരുത്തിയിരിക്കുന്നത്. ജി.എസ്.ടി.യിൽ ഉണ്ടായ നികുതിക്കുറവിൻറെ അടിസ്ഥാനത്തിൽ വില പുനർനിർണ്ണയം ചെയ്യുക മാത്രമാണ് ചെയ്തത്. വിപണിയിൽ ജി.എസ്.ടി.യുടെ പേരിൽ വില ഉയരേണ്ട ഒരു സാഹചര്യവും ഇല്ല എന്നാണ് ഇത് തെളിയിക്കുന്നത്.
ഒരു കാര്യം വ്യക്തം. എം.ആർ.പി.യേക്കാൾ ഉയർന്ന നിരക്കിൽ വിൽക്കാൻ ആർക്കും അധികാരമില്ല. എം.ആർ.പി പുതുക്കുന്നതിന് ഉൽപ്പാദകനോ ആദ്യഘട്ടത്തിൽ പാക്ക് ചെയ്യുന്നയാൾക്കോ അതുമല്ലെങ്കിൽ ഇറക്കുമതിക്കാരനോ മാത്രമേ അധികാരമുള്ളൂ. ഒന്നിലധികം പത്രങ്ങളിൽ രണ്ടിൽ കുറയാത്ത പരസ്യം നൽകണം. കേന്ദ്ര ലീഗൽ മെട്രോളജി ഡയറക്ടർക്കും സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിനും ഇതു സംബന്ധമായ നോട്ടീസ് മുൻകൂട്ടി നൽകുകയും വേണം. എല്ലാ ഡീലർമാരെയും മാറ്റം എഴുതി അറിക്കുകയും വേണം. അല്ലാതെ സ്റ്റിക്കർ ചുരണ്ടിമാറ്റി തിരുത്താവുന്നതല്ല പരമാവധി വിൽപ്പനവില. ഈ നിയമ വ്യവസ്ഥ പാലിക്കാൻ വ്യാപാരികൾ തയ്യാറാകണം. നിയമം നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന കാര്യം മറക്കരുത്.