ജി-20 ഉച്ചകോടി: ട്രംപിന്റെ കസേരയില്‍ മകള്‍ ഇവാന്‍ക

0
102


അമേരിക്കന്‍ പ്രസിഡന്റിനു പകരം മകള്‍ ജി.20 ഉച്ചകോടിയിലെ ചര്‍ച്ചയില്‍ നേതാക്കള്‍ക്ക് ഒപ്പം പങ്കെടുത്തു.ആഫ്രിക്കന്‍ വികസനത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ ആണ് അല്പസമയം ഇവാൻക ട്രംപ്, ഡൊണാൾഡ് ട്രംപ് ആയത്. ഉച്ചകോടി നടക്കുന്ന മുറിയിൽനിന്ന് അല്പനേരത്തേക്ക് പുറത്തുപോയപ്പോഴാണ് മകൾ ഇവാൻകയെ ട്രംപ് സ്വന്തം ഇരിപ്പിടത്തിൽ ഇരുത്തിയത്. ചൈനയുടെ ഷി ജിൻപിങ്ങിനും ജർമനിയുടെ ആംഗേല മെർക്കലിനുമൊക്കെയൊപ്പം ഇവാൻക ഇരുന്നു.

ആഫ്രിക്കയുടെ വികസനത്തെക്കുറിച്ച് ലോകബാങ്ക് അധ്യക്ഷൻ സംസാരിക്കുമ്പോഴായിരുന്നു ഇത്. നേതാക്കൾ പുറത്തുപോകുമ്പോൾ അവരുടെ ഇരിപ്പിടങ്ങളിൽ പ്രതിനിധികളെ ഇരുത്താറുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അൽപ്പ സമയത്തിന് ശേഷം ട്രംപ് തിരിച്ചു വന്ന് വീണ്ടും സീറ്റിലിരുന്നു.ഇവാൻക ട്രംപിന് പുറകിലാണ് ആദ്യം ഇരുന്നിരുന്നതെന്നും എന്നാൽ ട്രംപ് പുറത്തേക്ക് പോയപ്പോഴാണ് ഇവാൻക പ്രധാനപ്പെട്ട ടേബിളിനരികിലേക്കിരുന്നതെന്നുമാണ് ട്രംപിന്റെ വൈറ്റ് ഹൗസ് ഒഫീഷ്യൽ ഇന്നലെ ഇതിനെ ന്യായീകരിച്ചിരിക്കുന്നത്. ഇന്നലെയുടെ തുടക്കത്തിൽ സ്വന്തം മകളെ ലോകനേതാക്കന്മാർക്ക് മുന്നിൽ വച്ച് ട്രംപ് പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഡൊണാൾഡ് ട്രംപിന്റെ ഉപദേശക കൂടിയാണ് ഇവാൻക. എന്നാൽ രാഷ്ട്രത്തലവന്റെ അഭാവത്തിൽ ആ രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥരാണ് ചർച്ചകളിലും മറ്റും പങ്കെടുക്കാറുള്ളത്. ഇവാൻകയുടെ സാന്നിധ്യത്തിനെതിരെ പലരും രംഗത്തെത്തി. സോഷ്യൽ മീഡിയയിലും ഇവാൻകയുടെ ഈ നടപടിക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.