പള്‍സറിന്റെ ചോദ്യം ചെയ്യല്‍ ഇനി രഹസ്യകേന്ദ്രത്തില്‍

0
75

കസ്റ്റഡി കാലാവധി തീരാനിരിക്കെ നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനിയെ ചോദ്യംചെയ്യലിനായി പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. മാധ്യമങ്ങളുടെ കണ്ണിൽപെടാതെ അതിരാവിലെയായിരുന്നു പൊലീസ് നീക്കം. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിന്റെ അന്വേഷണത്തിനെന്ന പേരിലാണു പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി കാക്കനാട് ജയിലിൽ കഴിയുമ്പോഴാണു പൾസർ സുനിയെന്ന സുനിൽകുമാർ രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചത്. നടനും സംവിധായകനുമായ നാദിർഷയെയും നടൻ ദിലീപിന്റെ മാനേജരെയുമാണു സുനി വിളിച്ചു സംസാരിച്ചതെന്നു കണ്ടെത്തി. നടിയെ ആക്രമിച്ച കേസിലേക്കു തങ്ങളെ വലിച്ചിഴക്കുമെന്നു ഭീഷണിപ്പെടുത്താനാണു സുനി വിളിച്ചതെന്നു ദിലീപ് പരാതിയും നൽകി. തുടർന്ന് സുനിൽകുമാറിനെ ജയിലിൽ ചോദ്യം ചെയ്തപ്പോൾ കിട്ടിയ മൊഴി ദിലീപിനും കൂട്ടർക്കും എതിരായിരുന്നു.

ഇതോടെ നടിക്കെതിരെ നടന്ന അതിക്രമത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നു കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി. ഇതിനൊപ്പമാണു ജയിലിലെ ഫോൺ ഉപയോഗത്തിനുള്ള കേസും റജിസ്റ്റർ ചെയ്തത്. ഈ കേസിന്റെ അന്വേഷണത്തിനായാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയതെങ്കിലും നടി ആക്രമിച്ച കേസിന്റെ ഗൂഡാലോചനയെക്കുറിച്ചാണു പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ ജയിലിൽ ചോദ്യം ചെയ്തപ്പോള്‍ ദിലീപിനെതിരെ മൊഴി നൽകിയെങ്കിലും പിന്നീട് കൂടുതലൊന്നും വെളിപ്പെടുത്താൻ സുനി തയാറായില്ല.

കസ്റ്റഡിയിൽ ലഭിച്ച ശേഷം കഴി‍ഞ്ഞ ദിവസങ്ങളിലെല്ലാം അന്വേഷണസംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണു ചോദ്യം ചെയ്യൽ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതെന്നാണു സൂചന. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിയെ ചോദ്യംചെയ്ത ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലും രാത്രി പാർപ്പിച്ച തൃക്കാക്കര സ്റ്റേഷനിലും മാധ്യമ പ്രവർത്തകർ എത്തിയെങ്കിലും പ്രതിയെ മറ്റൊരിടത്തേക്ക് മാറ്റിയെന്ന മറുപടിയാണു ലഭിച്ചത്.