പുതിയ ലെവി : തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍

0
81

റിയാദ്: രാജ്യത്തെ വിദേശികളുടെ കുടുംബങ്ങളിലെ ഓരോ അംഗത്തിന്റെ പേരിലും ഈടാക്കുന്ന പുതിയ ലെവി തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍.

പ്രതിമാസ ഫീസിന്റെ ഫലമായി ഓരോ വര്‍ഷവും 1,65,000 പേര്‍ നാടു പിടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നു. ഇതോടെ റിയല്‍ എസ്‌റ്റേറ്റ്, ചെറുകിട വ്യാപാര രംഗത്ത് വന്‍ ഇടിവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു രാജ്യത്തെ ഉപഭോഗത്തില്‍ വന്‍ ഇടിച്ചിലുണ്ടാക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ ആശ്രിതരുള്ള കുടുംബങ്ങളെയാണ് സ്വാഭാവികമായും പുതിയ ഫീസ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്. ഇതിനു പുറമെ, ജീവിത ചെലവിലുണ്ടാകുന്ന വര്‍ധന പുറത്തേക്കുള്ള ഒഴുക്ക് ശക്തമാക്കുകയും ചെയ്യും. 100 റിയാലില്‍ പ്രതിമാസ ആശ്രിത ഫീ 400 റിയാലായി വര്‍ധിക്കുന്ന 2020 ആകുമ്പോഴേക്കും വീട്ടുചെലവിനായുള്ള തുകയില്‍ 14 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

റീട്ടെയില്‍, ഭക്ഷ്യ മേഖലകളിലും വിദ്യാഭ്യാസം, യാത്ര, ടെലിക്കോം തുടങ്ങിയ സേവന മേഖലകളിലുമാണ് ഇത് ഉടന്‍ ആഘാതമേല്‍പിക്കുക. ഉപഭോഗം കുറച്ച് സ്വരൂപിക്കുന്ന തുക നാട്ടിലയക്കാനുള്ള പ്രവണത ശക്തിപ്പെടുത്തുയാണെങ്കില്‍ അത് വീണ്ടും ചെലവാക്കുന്ന തുകയില്‍ ഇടിച്ചിലുണ്ടാക്കും.