ബി നിലവറ തുറക്കല്‍: പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമെന്നു വി.എസ്

0
75

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍. ദേവഹിതം നേരിട്ട് ചോദിച്ച് മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ പ്രതികരിക്കുന്നതെന്നും, ഇതിനു മുന്‍പ് നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്നും വി.എസ് പറഞ്ഞു.

രാജകുടുംബങ്ങള്‍ ഉള്‍പ്പെടാത്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ക്ഷേത്രത്തിലെ ഇപ്പോഴത്തെ ഭരണം നിയന്തിക്കുന്നത്. രാജഭരണമല്ലാത്തതിനാല്‍ ഇപ്പോള്‍ രാജ കുടുംബത്തിന് യാതൊരവകാശവുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, സുപ്രീംകോടതിയുടെ നിരീക്ഷണമനുസരിച്ച് നിലവറ തുറന്ന് ക്ഷേത്ര സ്വത്തിന്റെ കണക്കെടുപ്പ് നടത്തേണ്ടതാണ്. കൂടാതെ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് നിലവറ തുറക്കാന്‍ തടസം നില്‍ക്കുന്നത് സംശയകരമാണെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന വിനോദ് റായിയുടെ കണ്ടെത്തലിനോടു രാജകുടുംബം യോജിച്ചില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളത്. ഈ ആന്റി ചേമ്പറിനെ ബി നിലവറയായി തെറ്റിധരിക്കുകയാണ്.

കൂടാതെ നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന് രാജകുടുംബം ഉത്തരവാദകളായിരിക്കില്ലെന്നും അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി പറഞ്ഞു. സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായി തന്നെ രാജകുടുംബം ബി നിലവറതുറക്കരുതെന്ന ആവശ്യം ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.