മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് ഇരട്ടിയാക്കി 

0
65

നിലവില്‍ അപകട ഇൻഷുറൻസ് അഞ്ചു ലക്ഷം; പത്തു ലക്ഷമായി ഉയര്‍ത്തുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് തുക 10 ലക്ഷമായി വർധിപ്പിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഈ വർഷം ഡിസംബർമുതൽ ഇത് നടപ്പാക്കുമെന്നും താനൂരിൽ മത്സ്യോത്സവത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. നിലവിൽ അഞ്ചുലക്ഷം രൂപയാണ് അപകട മരണത്തിന് ഇൻഷുറൻസ്. തദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ‘എല്ലാവർക്കും വീട്’ പദ്ധതി നടപ്പാക്കും. ഭൂമിയും വീടുമില്ലാത്ത തൊഴിലാളികൾക്ക് പത്തുലക്ഷം രൂപ അനുവദിക്കും. ഭൂമി വാങ്ങാൻ ആറുലക്ഷവും വീട് നിർമിക്കാൻ നാലുലക്ഷവും.

കടൽക്ഷോഭത്തിൽനിന്ന് രക്ഷനേടാൻ തീരത്തിന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിൽ തൊഴിലാളികൾക്ക് 4500 രൂപ നൽകും. മുമ്പ് 2700 രൂപയായിരുന്നു. ഇതിനായി 29 കോടിരൂപ അനുവദിച്ചു. കേന്ദ്ര സഹായം ലഭ്യമാക്കാൻ എംപിമാരുടെ സഹായം തേടും. തദേശീയ മത്സ്യക്കച്ചവടത്തിന് പ്രാധാന്യം നൽകുന്നതിനൊപ്പം പുറത്തുനിന്ന് എത്തുന്നവയുടെ ഗുണനിലവാരം ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ സൌകര്യാർഥം ഹാർബറിനോടുചേർന്ന് ഫ്രീസറുകളും ശീതീകരണകേന്ദ്രങ്ങളും സ്ഥാപിക്കും. ഗൾഫ് നാടുകളിൽനിന്ന് മടങ്ങുന്നവർക്ക് അക്വാകൾച്ചർ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താം. മത്സ്യക്കൃഷി വ്യാപിപ്പിക്കും.

പ്രതിവർഷം ഒരുകോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇതുവരെ ഉൽപ്പാദിപ്പിച്ചിരുന്നത്. എൽഡിഎഫ് സർക്കാർ ഇത് അഞ്ചുകോടിയാക്കി. 12 കോടിയാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യം. മത്സ്യത്തീറ്റ ഉൽപ്പാദന മേഖലയിലും സർക്കാർ ശ്രദ്ധപതിപ്പിക്കും. കേന്ദ്ര സർക്കാർ വിഹിതം ലഭിക്കാത്തതിനാൽ താനൂർ ഹാർബർ സമയബന്ധിതമായി പൂർത്തീകരിക്കാനായില്ല. സംസ്ഥാന സർക്കാരിന്റെ തനതുഫണ്ട് ഉപയോഗിച്ചാണ് ഇനി നിർമാണം നടത്തേണ്ടത്. അതിനായി 14 കോടിയുടെ പദ്ധതി തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു. വാർഫ് നിർമിക്കാനായി മണ്ണെടുക്കാനാകാത്തതും ഹാർബർ നിർമാണത്തെ ബാധിച്ചു. ചെറിയ കാരണങ്ങൾ പറഞ്ഞാണ് എതിർപ്പ് ഉയർത്തുന്നത്. എല്ലാവരും ഒരുമിച്ചുനിന്നാൽ തീരദേശമേഖലയിലെ സംഘർഷം ഒഴിവാക്കാനാകും. അക്രമികളെ ഒറ്റപ്പെടുത്താൻ എല്ലാ രാഷ്ട്രീയപാർടികളും തയാറാകണമെന്നും മന്ത്രി പറഞ്ഞു.