മനുഷ്യരെക്കുറിച്ച് എഴുതി  പെരുമാള്‍ മുരുഗന് മടുത്തു 

0
99

മനുഷ്യരെക്കുറിച്ച് ഇനി എഴുതില്ലെന്ന് പ്രമുഖ തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻ പറഞ്ഞു. മനുഷ്യരെപ്പറ്റി എഴുതുന്നത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നതുകൊണ്ടാണ് മറ്റ് ജീവികളെക്കുറിച്ച് എഴുതുന്നത്. പക്ഷിമൃഗാദികൾക്ക് മതമില്ലല്ലോ. അവയ്ക്ക് അമ്പലവും പള്ളിയും ചർച്ചും ഒന്നുമില്ല- മുരുഗൻ പറഞ്ഞു.

പുതിയ നോവൽ ഒരു ആടിനെക്കുറിച്ചുള്ള കഥയാണ്. പൂനാച്ചി, അല്ലൈ ഒരു വെള്ളാട്ടിൻ കതൈ (പൂനാച്ചി, സ്റ്റോറി ഓഫ് ഗോട്‌സ്) എന്നാണ് പുതിയ നോവലിന്റെ പേര്. രാഷ്ട്രീയം പറയുന്നതിന് വിലക്കുണ്ട്. അതിനാൽ ഇപ്പോൾ നടക്കുന്ന ഹിതമല്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയുന്നില്ല. സ്വന്തം നാടായ നാമക്കല്ലിൽ ഹിന്ദുത്വശക്തികൾക്ക് സ്വാധീനം കൂടുതലാണ്. ഭയത്തിന്റെ അന്തരീക്ഷമാണ് ചുറ്റിലും. ഇടതുപക്ഷമുൾപ്പെടെയുള്ള പുരോഗമന പാർടികൾക്ക് വേണ്ടത്ര സ്വാധീനമില്ല. അതിനാൽ പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചെന്നും ഇനി ഒരു പുനർജന്മമില്ലെന്നും നേരത്തെ പറഞ്ഞതിൽ ഖേദിക്കുന്നില്ല. എന്നാൽ അർധനാരീശ്വരൻ വിവാദം കത്തിപ്പടർന്ന കാലത്ത് മുർപോക് എഴുത്താളർ സംഘം ശക്തമായ പിന്തുണ നൽകിയെന്നും മുരുഗൻ പറഞ്ഞു.

ഹിന്ദുത്വ ഭീഷണിക്കെതിരെയും ആവിഷ്‌കാര സ്വാതന്ത്യ്രത്തിനുവേണ്ടിയും മുർപോക് എഴുത്താളർ സംഘം മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തിരുന്നു. കേസിൽ 2016ൽ എഴുത്തുകാരന് അനുകൂലമായി വിധി വന്നു. പെരുമാളിന് സംരക്ഷണം നൽകാനും വിധിയുണ്ടായി. ഇതോടെ പെരുമാൾ വീണ്ടും എഴുതുകയാണ്. ചെറുകഥകളുടെ പ്രമേയങ്ങളും മനസ്സിലുണ്ടെങ്കിലും യാത്രകൾ കാരണം എഴുതാൻ സമയം കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പെരുമാൾ മുരുഗന്റെ മാതൊരുഭാഗൻ (അർധനാരീശ്വരൻ) എന്ന നോവലിനെതിരെ ഹിന്ദുത്വശക്തികൾ രംഗത്ത് വന്നതോടെ ഈ നോവൽ പിൻവലിച്ചിരുന്നു.