മോദിയുടെ ഇസ്രായേല്‍ യാത്രയിലും അന്തിമപുഞ്ചിരി അദാനിയുടേത്

0
3750

ഇപ്പോഴിതാ ദേശസ്നേഹികളെ പുളകം കൊള്ളിച്ചുകൊണ്ടു അദാനി ഗ്രൂപ് തദ്ദേശീയമായി ഇസ്രായേൽ സാങ്കേതിക വിദ്യയോടെയുള്ള പോർവിമാനങ്ങളും നിർമ്മിക്കാൻ പോകുന്നു

by വെബ്‌ ഡെസ്ക് 

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിച്ചു. ഏറെ കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ട് നടത്തപ്പെട്ട മോദിയുടെ ഇസ്രായേല്‍ യാത്രയുടെ പ്രധാന സവിശേഷതയും ഇതായിരുന്നു. മാറുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളുടെയും, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അതിര്‍ത്തി രാഷ്ട്രീയ സാഹചര്യങ്ങളുടെയും, ആഗോളഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഐക്യപ്പെടുന്നതിന്റെയും എല്ലാം ഭാഗമായി നടത്തിയ യാത്ര മോദിയുടെ മറ്റൊരു നയതന്ത്ര വിജയമായി വിളംബരം ചെയ്യപ്പെടുന്നുണ്ട് എങ്കിലും, സത്യത്തില്‍ എന്തിനു വേണ്ടിയായിരുന്നു; ആര്‍ക്ക് വേണ്ടിയായിരുന്നു ഈ യാത്ര ? ഇസ്രായേലില്‍ നിന്നും കോടിക്കണക്കിന് ഡോളറിന്റെ ആയുധക്കരാറും ഒപ്പിട്ടു മോദി ജര്‍മനിയിലേക്ക്‌ പറക്കുമ്പോള്‍ ഇന്ത്യയില്‍ ഇരുന്നു ചിരിച്ചത് ഗൗതം അദാനിയെന്ന ഉറ്റ മിത്രം തന്നെയാണ്.

ആഭ്യന്തരസുരക്ഷയ്ക്ക് എന്ന പേരിൽ ആയുധവ്യാപാരത്തിന്റെ അപ്പോസ്തലന്മാർ ആയ ഇസ്രായേലുമായി ഇന്ത്യ കൂട്ട് കൂടുമ്പോൾ ഇന്ത്യയിലെ തീവ്രദേശീയവാദികളുടെ ആവേശം മാത്രമല്ല, മോദിയുടെ ഓരോ വിദേശയാത്രകളിലും സന്തതസഹചാരിയായ അദാനിയുടെ സമ്പത്ത് കൂടിയാണ് മേലോട്ടു കുതിക്കുന്നത്. മോദിയുടെ ഓരോ നയതന്ത്ര യാത്രയുടെയും ഗുണഭോക്താക്കൾ ആകുന്നതും അദാനിയും, അംബാനി സഹോദരന്മാരും തന്നെയാണ്. ആ പതിവിന് ഇസ്രയേല്‍ യാത്രയിലും മാറ്റം വന്നില്ല..കഴിഞ്ഞ വര്‍ഷം പ്രതിരോധ സാമഗ്രി നിര്‍മാണ രംഗത്തേക്ക് ചുവട് വെച്ച ഗൗതം അദാനിയുടെ കീശയാണ് ഇസ്രയേല്‍ യാത്രയിലൂടെ മോദി നിറച്ചു കൊടുത്തത്. മോദി ഇസ്രായേലിലേക്ക് പോകുന്നതിനു കൃത്യം ഒരു വര്‍ഷം മുന്‍പാണ് അദാനി ഇസ്രയേല്‍ സന്ദര്‍ശിച്ചത്. പ്രതിരോധ രംഗത്തെ ഉപകരണങ്ങളും പോര്‍ വിമാനങ്ങളും നിര്‍മിക്കുന്ന എല്‍ബിത് എന്ന കമ്പനിയുടെ ഓഹരിയും കമ്പനിയുടെ സംയുക്ത ഉടമസ്ഥാവകാശത്തില്‍ പ്രാമാണ്യവും ആയാണ് അദാനി അന്ന് മടങ്ങിയത്. ജോയിന്റ് വെഞ്ച്വര്‍ കമ്പനിയുടെ 51 ശതമാനം ഓഹരിയാണ് അദാനിയുടെ കൈയ്യില്‍ ഉള്ളത്.സംയുക്തസംരംഭമായി ആളില്ലാ പോർവിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനുള്ള ധാരണയിൽ എത്തിയിരുന്നു. അതിന്റെ പിന്നോടിയായി 940 കോടി രൂപയുടെ ആയുധക്കരാറും ഇന്ത്യയും ഇസ്രയേലും തമ്മിൽ ഒപ്പിട്ടു.

ഇന്ത്യൻ പ്രധാനമന്ത്രി രചിക്കുന്ന നയതന്ത്ര ബന്ധങ്ങളുടെ  പിന്കുറിപ്പായി ഇതുമൂലംഅദാനിക്കെന്ത്  നേട്ടമുണ്ടായി എന്നും ജനത ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. ആ പതിവിൽ നിന്നും വ്യത്യസ്തമല്ല ഇന്ത്യയുടെ ഇസ്രായേൽ സൗഹൃദവും.ഇസ്രായേലുമായി കോടാനുകോടികളുടെ ആയുധവ്യാപാര കരാർ ഒപ്പിടുമ്പോൾ മോഡി ആവശ്യപ്പെട്ട ഒരേയൊരു സഹായം കരാർ തുകയുടെ നിശ്ചിത ശതമാനം ഇന്ത്യയിൽ തന്നെ നിക്ഷേപിക്കുകയും, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കുകയും വേണം എന്നതായിരുന്നു. മോഡി കരാർ ഒപ്പിടുന്നതിനു ഏകദേശം ഒരു വർഷം മുൻപേ തന്നെ ഗൗതം അദാനിയുടെ എന്റര്‍പ്രൈസസ് ലിമിറ്റഡും, ഇസ്രായേലി ആയുധ നിർമ്മാണ കമ്പനിയായ എൽബിറ്റ് സിസ്റ്റംസും സംയുക്തമായി ആളില്ലാ പോർവിമാനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി രുപീകരിച്ചതും ‘യാദൃച്ഛികം’ മാത്രമാകാം. അതിനു മുൻപ് റാഫേൽ കമ്പനിയുമായി ഇന്ത്യ വിമാനങ്ങൾ വാങ്ങുവാൻ കരാർ ഒപ്പിട്ടപ്പോഴും, പദ്ധതി മെയ്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ കൊണ്ടുവരാനും അനിൽ അംബാനിയുടെ റിലയൻസ് ഡിഫെൻസും- റാഫേൽ കമ്പനിയും സംയുക്തമായി ആരംഭിച്ച ആയുധ നിർമ്മാണശാലയ്ക്ക് കരാർ തുക നൽകുവാനും വേണ്ട സംവിധാനങ്ങൾ ചെയ്തു വെച്ചിരുന്നതും മറ്റൊരു യാദൃശ്ചികമായ സംഭവം. റാഫേൽ കമ്പനിയുമായി ഇന്ത്യ വിമാനങ്ങൾ വാങ്ങുവാൻ കരാർ ഒപ്പിട്ടപ്പോഴും, പദ്ധതി മെയ്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ കൊണ്ടുവരാനും അനിൽ അംബാനിയുടെ റിലയൻസ് ഡിഫെൻസും- റാഫേൽ കമ്പനിയും സംയുക്തമായി ആരംഭിച്ച ആയുധ നിർമ്മാണശാലയ്ക്ക് കരാർ തുക നൽകുവാനും വേണ്ട സംവിധാനങ്ങൾ ചെയ്തു വെച്ചിരുന്നു.

മോദിയുടെ മുൻകാലങ്ങളിലെ  മറ്റു ചില സൗഹൃദ സന്ദർശനങ്ങൾ കൂടി ശ്രദ്ധിക്കാം. അയൽ രാജ്യത്തോടുള്ള ശത്രുത മറന്ന് നവാസ് ഷെരീഫിന് ഉപഹാരങ്ങളുമായി മോഡി ചെന്നപ്പോൾ അദാനിക്ക് ലഭിച്ചത് നാലായിരം മെഗാവാട്ട് പവർ പ്ലാന്റ് പദ്ധതിയാണ്. മോദിയുടെ കാനഡ സന്ദർശനം അദാനിക്ക് ഇൻഫ്രാ സ്ട്രക്ച്ചർ, എനർജി മേഖലകളിൽ ബിസിനസ് ഉണ്ടാക്കി കൊടുത്തു. അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ബ്രസീൽ എന്നിങ്ങനെ മോദിയുടെ പുറകെ അദാനി പറന്നു ചെന്നിടങ്ങളിൽ എല്ലാം മോദിയുടെ നയതന്ത്ര ബന്ധങ്ങൾ അദാനി ഗ്രൂപ്പിന്റെ തറക്കല്ലിടൽ ചടങ്ങുകൾ ആയാണ് മാറിയതും. ഇപ്പോഴിതാ ദേശസ്നേഹികളെ പുളകം കൊള്ളിച്ചുകൊണ്ടു അദാനി ഗ്രൂപ് തദ്ദേശീയമായി ഇസ്രായേൽ സാങ്കേതിക വിദ്യയോടെയുള്ള പോർവിമാനങ്ങളും നിർമ്മിക്കാൻ പോകുന്നു.
 പ്രകടമായ തലത്തിൽ  മോദിയും, നെതന്യാഹുവും   തമ്മിലുള്ള സ്നേഹപ്രകടനങ്ങളുടെയും, യാത്രകളുടെയും ചിത്രമെടുക്കലുകൾപ്പുറം കാര്യമാത്ര പ്രസക്തമായ യാതൊരുവിധ വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ധാരണ ഉണ്ടാകാത്ത ഒരു യാത്രയെന്ന തോന്നൽ ഉളവാക്കുന്ന ഒന്നായിരുന്നു  മോദിയുടെ ഇസ്രായേൽ സന്ദർശനം. ചെല്ലുന്ന രാഷ്ട്രങ്ങളിലെ ജനങ്ങളെ വികാരപരമായി കയ്യിലെടുക്കുന്ന പതിവ് ശൈലി യോനാഥൻ നെതന്യാഹുവിനെ സ്മരിച്ച്, പതിനൊന്നു വയസ്സുകാരൻ മോഷെയെ ചേർത്ത് പിടിച്ച് മോഡി കയ്യടി നേടിയപ്പോൾ; ഇരു രാഷ്ട്രങ്ങളും തമ്മിൽ ആർഷഭാരത കാലഘട്ടം മുതൽക്കുള്ള ബന്ധത്തെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയും തന്റെ ഭാഗം ഭംഗിയാക്കി.  ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാനയാത്ര സംവിധാനം കൊണ്ടുവരും, മൾട്ടിപ്പിൾ വിസ കൊണ്ടുവരും എന്നിവയ്ക്കു പുറമെ ജലശുദ്ധീകരണം, കൃഷി, ശാസ്ത്ര-സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളിലെ നാമമാത്ര കരാറുകൾ മാത്രമാണ് ഈയൊരു സന്ദർശനം മൂലം ധാരണ ആയതും. ഈ കരാറുകൾ പ്രധാനം തന്നെയെന്ന് പറയാമെങ്കിലും, ഇവയ്‌ക്കെല്ലാം അപ്പുറം ഇന്ത്യയുടെ നയതന്ത്ര നിലപാടുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ് മോദിയുടെ സന്ദർശനം കൊണ്ട് തെളിഞ്ഞു വരുന്നതും. ഈ നയതന്ത്ര മാറ്റം കൊണ്ട് കൊഴുക്കുന്നതോ ലോകത്തിനു മുൻപിൽ സമാധാനസന്ദേശം പ്രചരിപ്പിച്ചിരുന്ന ഇന്ത്യയെന്ന രാജ്യത്തിലെ ആയുധവ്യാപാരവും.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ചേരിചേരാ നയം മുഖമുദ്രയാക്കിയ രാഷ്ട്രമായിരുന്നു ഇന്ത്യയെങ്കിൽ, ഇനിയുള്ള കാലം ചേരി തിരിഞ്ഞു നിൽക്കാനാണോ തീരുമാനം എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു ഇസ്രായേൽ സന്ദർശനവേളയിൽ മോഡി ചെയ്ത ഓരോ കാര്യങ്ങളും, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ടെങ്കിലും, 1950 ഇലാണ് ഇസ്രായേലിനെ ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. പിന്നീട് പടിപടിയായി ബന്ധങ്ങൾ ശക്തമാവുകയും ഇന്ത്യയുടെ പ്രധാന പ്രതിരോധമേഖലാ പങ്കാളിയായി ഇസ്രായേൽ മാറുകയും ചെയ്തു. ഇസ്രായേലിൽ നിന്നും ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാഷ്ട്രവും ഇന്ത്യ തന്നെ. പക്ഷെ ഇക്കാലങ്ങളിൽ എല്ലാം പലസ്തീനുമായും ഇന്ത്യയുടെ ബന്ധം സൗഹൃദപൂർണമായിരുന്നു. ഇസ്രായേൽ സന്ദർശിക്കുന്ന രാഷ്ട്ര തലവന്മാർ സാധാരണയായി അയൽരാജ്യമായ പാലസ്തീൻ സന്ദർശിക്കുക എന്നൊരു പതിവ് ഉണ്ടെങ്കിലും, ആ പതിവും മോഡി തെറ്റിച്ചു.  ഇസ്രായേലിനോട് ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന അമേരിക്കയുടെ  പ്രതിനിധികൾ  പലസ്തീൻ  സന്ദർശിക്കാൻ മറക്കാതിരിക്കുമ്പോൾ ആണ് ഇന്ത്യയുടെ പുതിയ അന്താരാഷ്ട്ര നയം വിളിച്ചോതാൻ എന്ന വണ്ണം മോഡി പലസ്തീനെ അവഗണിച്ചതും. ഇസ്രായേലിൽ വെച്ചുള്ള തന്റെ പ്രസംഗങ്ങളിലും പലസ്തീൻ വിഷയത്തെ കുറിച്ച് കാര്യമായ പരാമർശങ്ങൾ ഇല്ലാതിരിക്കാനും മോഡി ശ്രദ്ധിച്ചിരുന്നു. ഇതുവരെ സ്വതന്ത്ര രാഷ്ട്രമായ പലസ്തീൻ എന്ന ആശയത്തെ ഇസ്രയേലുമായുള്ള സൗഹൃദത്തിനൊപ്പം തന്നെ മാനിച്ചിരുന്ന നിലപാടായിരുന്നു ഇന്ത്യയുടേത്. പക്ഷെ മോഡി അധികാരമേറ്റ ശേഷം ഐക്യരാഷ്ട്ര സഭ അടക്കമുള്ള വേദികളിൽ ഇസ്രയേലിനെതിരെ ഉള്ള തെരഞ്ഞെടുപ്പുകളിലും, സമ്മേളനങ്ങളിലും എല്ലാം വിട്ടു നിന്നുകൊണ്ട് ഇന്ത്യ ഇസ്രായേലിനോടുള്ള സൗഹൃദമാണ് പ്രധാനം എന്ന നിലപാടിലേക്ക് നയതന്ത്രങ്ങൾ മാറുന്നു എന്നതിനുള്ള സൂചനയുമാണ്.
 
പലസ്തീൻ സന്ദര്ശിക്കാതെയുള്ള മോദിയുടെ മടക്കവും ഇതിനാൽ തന്നെയാണ്. ഇന്ത്യയുമായുള്ള അടുപ്പം ശക്തിപ്പെടുത്തുക വഴി ഐക്യരാഷ്ട്ര സഭയടക്കമുള്ള വേദികളിൽ സ്വന്തം പിന്തുണ വർദ്ധിപ്പിക്കാം എന്ന പ്രതീക്ഷ ഇസ്രായേലിനുമുണ്ട്. പക്ഷെ ഇത്തരത്തിൽ തികച്ചും ഏകപക്ഷീയമായ നിലപാടുകൾ വഴി ഇല്ലായ്മ ചെയ്യപ്പെടുന്നത് ഇന്ത്യയെന്ന ജനാതിപത്യ മതേതര രാഷ്ട്രം കഴിഞ്ഞ കാലമത്രയും നിലനിർത്തി പോന്ന മനുഷ്യാവകാശ സംരക്ഷണ നിലപാടുകളും, നയതന്ത്ര മര്യാദകളുമാണ്. ഇവയെല്ലാം ഇല്ലാതാക്കാൻ  ഒരു രാഷ്ട്ര തലവനെ പ്രേരിപ്പിക്കുന്നത്, തന്നെ അധികാരക്കസേരയിൽ അവരോധിച്ച മുതലാളിമാർക്ക് വേണ്ടി മാത്രമാകുന്നു എന്നതാണ് ആശങ്കാ ജനകമായ വസ്തുത. ദേശസുരക്ഷ എന്ന തീർത്തും സെന്സിറ്റിവ് ആയൊരു വിഷയത്തെ മുൻനിർത്തി മോഡി ചെയ്യുന്നത് കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കി കൊടുക്കുക എന്നത് മാത്രമാണ്. അതുവഴി ഇല്ലാതാകുന്നതോ ഒരു രാഷ്ട്രത്തിന്റെ ആഗോള പ്രതിച്ഛായയും.