ലക്ഷ്മണന് ഡബിള്‍, 400 മീറ്റര്‍ റിലേയിലും സ്വര്‍ണം; ഇന്ത്യ കിരീടത്തിലേക്ക്

0
108

സ്വന്തം മണ്ണിലെ ഏഷ്യൻ ചാംപ്യൻഷിപ് ചരിത്രമാക്കാനുള്ള കുതിപ്പിൽ ഇന്ത്യയുടെ സ്വർണനേട്ടം പതിനൊന്നായി. മുഹമ്മദ് അനസ്, അമോജ് ജേക്കബ്, കുഞ്ഞുമുഹമ്മദ്, ആരോക്യ രാജീവ് എന്നിവരുൾപ്പെട്ട 4-400 മീ റിലേ ടീമും സ്വർണം നേടി. 10,000 മീറ്ററിൽ സ്വർണം നേടി ഇന്ത്യയുടെ ജി. ലക്ഷ്മണൻ മീറ്റിൽ ഡബിൾ തികച്ചിരുന്നു. ഈ വിഭാഗത്തിൽ വയനാട്ടുകാരൻ ടി. ഗോപി വെള്ളി നേടി. ഇതോടെ ചാംപ്യൻഷിപ്പ് ഇന്ത്യ ഉറപ്പിച്ചു.

800 മീറ്ററിൽ അർച്ചന അധവ്, ഹെപ്റ്റാത്തലണിൽ സ്വപ്ന ബർമൻ എന്നിവരാണ് സുവർണനേട്ടവുമായി ഇന്ത്യൻ സ്വർണനേട്ടം പതിനൊന്നിൽ എത്തിച്ചത്. ഹെപ്റ്റാത്തലണിൽ ഇന്ത്യയുടെ തന്നെ പൂർണിമ ഹെമ്പ്രാം വെങ്കലം നേടി. പുരുഷവിഭാഗം 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസനും വെങ്കലം നേടിയതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 27 ആയി. 11 സ്വർണവും അഞ്ചു വെള്ളിയും 11 വെങ്കലവും ഉൾപ്പെടെയാണിത്.

കഴിഞ്ഞ ദിവസം 5,000 മീറ്ററിലും ജി. ലക്ഷ്മണൻ സ്വർണം നേടിയിരുന്നു. അതേസമയം, വനിതകളുടെ 800 മീറ്ററിൽ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മൽസരം പൂർത്തിയാക്കാതെ പിന്മാറി. 500 മീറ്റർ കഴിഞ്ഞപ്പോഴാണു ടിന്റു പിൻമാറിയത്. ഒരു മിനിട്ട് 50.07 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ വെങ്കലം സ്വന്തമാക്കിയത്. മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്ത്യയാണ് മെഡൽ പട്ടികയിൽ മുന്നിൽ. കഴിഞ്ഞ 17 തവണയും മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ ചൈനയെ അട്ടിമറിക്കുന്നതിന്റെ വക്കിലാണ് ഇന്ത്യ. ആദ്യ നാലു തവണ ജപ്പാനായിരുന്നു ജേതാക്കൾ. ആറു തവണ രണ്ടാമതെത്തിയത് ഒഴികെ ഇന്ത്യ ഇതുവരെ വൻകരയിലെ രാജാക്കൻമാരായിട്ടില്ല.