വഴിക്ക് വന്നു തുടങ്ങി ,ഇറച്ചിക്കോഴി വില കുറഞ്ഞു; സർക്കാരുമായി ഇന്ന് ചർച്ച

0
97

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഇറച്ചിക്കോഴി വില 87 രൂപ ആയിരിക്കണം എന്ന ധനമന്ത്രി ഡോ.തോമസ്‌ ഐസക്കിന്റെ കടുത്ത നിലപാട് ഗുണം ചെയ്യുന്നു. സംസ്ഥാനത്ത് ജി.എസ്.ടി വന്നതിനു ശേഷവും കോഴി ഇറച്ചിയ്ക്ക് ഇരട്ടിവില ഈടാക്കുന്ന വ്യപാരികൾക്കെതിരെ സർക്കാർ നിലപാട് കടുപ്പിച്ചതോടെ മൊത്തവിതരണക്കാർ കിലോയ്ക്ക് 10 രൂപ കുറച്ചു. ഇറച്ചിക്കോഴി 87 രൂപയിൽ കൂടുതൽ വിലയ്ക്ക് വിൽക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ നിലപാട് കടുപ്പിച്ചതോടെയാണ് മൊത്തവിതരണക്കാർ കിലോയ്ക്ക് 10 രൂപ കുറച്ചത്.

115 രൂപയ്ക്ക് നൽകിയിരുന്ന കോഴി, ശനിയാഴ്ച 105 രൂപയ്ക്കാണ് സംസ്ഥാനത്തെ പൗൾട്രി ഫാം ഉടമകൾക്കു തമിഴ്‌നാട് വ്യാപാരികൾ നൽകിയത്.മൊത്തവിലയിൽ പത്തുരൂപയുടെ കുറവുണ്ടായതു പൊതുവിപണിയിലും പ്രതിഫലിച്ചു. 140 രൂപയ്ക്കു വിറ്റിരുന്ന കോഴിയുടെ വില പലയിടത്തും 130 ആയി. ജി.എസ്.ടി. വരുംമുമ്പ് 14.5 ശതമാനമായിരുന്നു കോഴിയുടെ നികുതി. ഇപ്പോൾ നികുതിയില്ല.അതിനാൽ മൊത്തവിലയായ 103 രൂപയിൽനിന്ന് തിങ്കളാഴ്ച മുതൽ 16 രൂപ കുറച്ച് 87 രൂപയ്ക്ക് വിൽക്കണമെന്നാണ് സർക്കാർ നിർദേശം.
സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഞായറാഴ്ച മന്ത്രി തോമസ് ഐസക്കുമായി ചർച്ച നടത്തും. രാവിലെ ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഇപ്പോൾ ലഭിക്കുന്ന മൊത്തവിൽപ്പനവില കണക്കാക്കിയാൽ 87 രൂപയ്ക്ക് കോഴിയെ വിൽക്കാനാവില്ലെന്ന് അവർ അറിയിക്കും.ചർച്ചയിൽ ശുഭപ്രതീക്ഷയാണുള്ളതെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു. തിങ്കളാഴ്ച ഇറച്ചിക്കോഴിക്കടകൾ അടച്ചിടുമെന്നു കേരള പൗൾട്രി ഫാർമേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൾ ജബ്ബാർ അറിയിച്ചു. സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ചാണിത്. സംഘടനയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും നടത്തും.