സെന്‍കുമാറിനെ വിമര്‍ശിച്ച്‌ സുജ സൂസന്‍ ജോര്‍ജ്; സെൻകുമാർ ഒരു രോഗലക്ഷണമാണ്

0
178

സെന്‍കുമാറിനെ വിമര്‍ശിച്ച്‌ എഴുത്തുകാരിയും പ്രഭാഷകയുമായ സുജ സൂസന്‍ ജോര്‍ജ്. ഫേസ് ബുക്കിലൂടെയാണ് വിമർശനവുമായി സൂസൻ രംഗത്ത് എത്തിയത്. സെന്‍കുമാര്‍ ഒരു രോഗലക്ഷണമാണ്, രോഗം കേരള സമൂഹത്തിനാണ്. സൂസൻ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം
ഒരു സ്ത്രീ ചീഫ് സെക്രട്ടറിയായാലും ഭർത്താവിൻറെ നിയന്ത്രണത്തിലാവണം, ഔദ്യോഗിക കാര്യങ്ങളിൽ പോലും എന്നു കരുതുന്ന ആളാണ് ഇപ്പോൾ പിരിഞ്ഞ പൊലീസ് മേധാവി. “നെറ്റോ സാറിന് കുറച്ച് മനസ്സോ മര്യാദയോ അവസരമോ ഉണ്ടെങ്കില്‍ എന്നെ ബന്ധപ്പെടാമായിരുന്നു. സെന്‍കുമാര്‍, ഇങ്ങനെ സംഭവിക്കുന്നതില്‍ വിഷമമുണ്ട്, നമുക്കിതൊന്നു സംസാരിച്ചുകൂടേ എന്ന്. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല.
അവരുടെ മേല്‍ അദ്ദേഹത്തിന് നിയന്ത്രണമില്ല എന്നാണ് അതിന്റെ അര്ഥം. അങ്ങനെയാണല്ലോ മനസിലാക്കേണ്ടത്.
എന്തായാലും ഒറ്റയ്ക്ക് അവരെ കാണാന്‍ പോകുന്നില്ലെന്ന് തീരുമാനിച്ചു. പലരുമുള്ള യോഗങ്ങള്‍ക്ക് പോയിട്ടുണ്ട്.”
ഒരു സ്ത്രീ ചീഫ് സെക്രട്ടറി ആയാലും ഔദ്യോഗിക കാര്യങ്ങളിൽ പോലും ഭർത്താവിൻറെ നിയന്ത്രണത്തില്‍ ആയിരിക്കണം .അങ്ങനെയാണ് ഈ പോലീസുകാരൻ വിചാരിക്കുന്നത്.
മനുസ്മൃതി രാഷ്ട്രീയക്കാർക്ക് പറ്റിയ മുതലു തന്നെ! ചീഫ് സെക്രട്ടറി സ്ത്രീ ആയതുകൊണ്ട് മാത്രമാണ് ഇയാൾ പോയി കാണാതിരുന്നത്!
ഈ പ്രസ്താവനയെ ഒരു വ്യക്തിയുടെ വിവരക്കേടായി ഞാൻ കാണുന്നില്ല. ഇങ്ങനെ ഒരു മാധ്യമത്തിനോട് പറയാനും വലിയ വാർത്ത എന്ന മട്ടിൽ ആ പത്രത്തിനത് അച്ചടിക്കാനും ഒരു ഉളുപ്പില്ലെങ്കിൽ നമ്മുടെ സമൂഹത്തിനെന്തോ കുഴപ്പമുണ്ട്. സ്ത്രീയുടെ തുല്യതയെക്കുറിച്ച് പ്രാഥമിക ബോധമെങ്കിലുമുള്ള ഒരു സമൂഹത്തിലാണ് ഈ വാക്കുകൾ പറയുന്നതെങ്കിൽ, അത് വാർത്തയാണ്. ഇപ്പോൾ വന്ന പോലെ മഹദ്വചനം എന്ന മട്ടിലല്ല. ഇതാ കാണൂ ഈ പുരുഷമേധാവി പന്നിയെ എന്നതായിരിക്കും തലക്കെട്ട്. നമ്മുടെ മാധ്യമങ്ങളും ടിപി സെൻകുമാർ നിലവാരത്തിൽ തന്നെ! മാധ്യമങ്ങൾക്ക് എത്ര വാത്സല്യഭാജനമായിരുന്നു ഇദ്ദേഹം!
ആക്രമണത്തെക്കുറിച്ച് സ്ത്രീകൾ നല്കുന്ന ഇരുപത്തഞ്ച് ശതമാനം പരാതിയും വ്യാജമാണെന്നാണ് ഈ പോലീസ് ഓഫീസറുടെ കണ്ടുപിടുത്തം.അതിന് കാരണമോ, നളിനി നെറ്റോ നീലലോഹിതദാസൻ നാടാർക്കെതിരെ കൊടുത്ത പരാതിയും. വ്യക്തിപരമായ വിദ്വേഷവും മുൻവിധിയും വച്ച് ഇതുപൊലെ പോലീസുകാരെല്ലാം ലൈംഗിക ആക്രമണങ്ങളെ കാണാൻ തുടങ്ങിയാൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലേക്ക് ഇനി സ്ത്രീകൾക്ക് കയറിച്ചെല്ലാനാകുന്നതെങ്ങനെ?
സെൻകുമാർ ഒരു രോഗലക്ഷണമാണ്, രോഗം കേരള സമൂഹത്തിനാണ്. അടുത്തൂൺ പറ്റിയ പോലീസുകാരൊക്കെ ഈയിടെയായി തനിനിറം വെളിപ്പെടുത്തുന്നത് നന്നായി. അല്ലെങ്കിൽ നമ്മളീ പുരുഷമേധാവി കളുടെ തനിനിറം എങ്ങനെ അറിയും? ഈ ബോധമുള്ള പോലീസുകാരാണ് സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങളിലെ ഇരകളെ കൊണ്ടു നടന്ന് പ്രദർശിപ്പിച്ച് രസിക്കുന്നത്. അവൾക്ക് ഓടി രക്ഷപ്പെടാമായിരുന്നില്ലേ എന്നു ചോദിക്കുന്നത്. അവൾ പണ്ടേ പിഴച്ചവളല്ലേ എന്നു കൊട്ടിഘോഷിക്കുന്നത്.
കേരള പൊലീസിൽ കാര്യമായ ജെൻഡർ സെൻസിറ്റൈസേഷൻ നടത്തിയില്ലെങ്കിൽ സെൻകുമാർമാർ തന്നെയായിരിക്കും അവരുടെ ഹീറോമാർ!
എൻറെ പൊതുപ്രവർത്തനത്തിൻറെ ഭാഗമായി പലപ്പോഴും എനിക്ക് പൊലീസ് സ്റ്റേഷനുകളിൽ പോകേണ്ടി വന്നിട്ടുണ്ട്. അധ്യാപിക എന്ന നിലയ്ക്ക് കിട്ടുന്ന ബഹുമാനവും സിപിഐഎം പ്രവർത്തക ആയതുകൊണ്ട് കിട്ടുന്ന അംഗീകാരവും കാരണമാകാം ഒരിക്കലും മോശം ഒരു വാക്കും സ്റ്റേഷനുകളിൽ നിന്ന് കേട്ടിട്ടില്ല. പല സ്റ്റേഷനുകളിലും എൻറെ വിദ്യാർത്ഥികളായിരുന്ന പോലീസുകാരും കാണും. അവരൊക്കെ ടീച്ചറേ എന്നു വിളിച്ച് ഓടി വരും. ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും സൂര്യനെല്ലി കേസുമായും മറ്റും ബന്ധപ്പെട്ട് പലതവണ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അവരിലും ഒട്ടു മിക്കവരും നാട്ടിലെ കാര്യങ്ങളെക്കുറിച്ച് ഒരു ബോധമൊക്കെ ഉള്ളവരായാണ് തോന്നിയിട്ടുള്ളത്. പക്ഷേ, സിബി മാത്യൂസുമാരും ടിപി സെൻകുമാറിനെയും പോലുള്ളവരുടെ കീഴിലാണല്ലോ അവരെല്ലാം പണിയെടുത്തിരുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.