അമർനാഥ് തീർഥാടകർക്കുനേരെ ഭീകരാക്രമണം: ഏഴു മരണം

0
62

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ അമർനാഥ് തീർഥാടകരെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. 12 പേർക്കു പരിക്കേറ്റു. രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. രണ്ടു പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചതെന്ന് ഐജി മുനീർ ഖാൻ അറിയിച്ചു.

പൊലീസ് സംരക്ഷണത്തിൽ അമർനാഥിലേക്കു പോകുകയായിരുന്ന തീർഥാടകർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഗുജറാത്തിൽനിന്നുള്ള തീർഥാടകരാണ് ആക്രമണത്തിന് ഇരയായതെന്നാണ് പ്രാഥമിക വിവരം. 17 തീർഥാടകരുമായി ബാർത്താലിൽനിന്ന് മിർ ബസാറിലേക്കു പോകുകയായിരുന്ന ബസിനു നേരെയായിരുന്നു ആക്രമണം.

ഹിസ്ബുൽ മുജാഹിദ്ദീൻ, ലഷ്‌കറെ തയിബ എന്നീ ഭീകരസംഘടനകൾ സംയുക്തമായി നടത്തിയ ആക്രമണമാണിതെന്നാണ് വിവരം. മൂന്നു പേരാണ് ആക്രമണം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.