ഇന്ത്യന്‍ കോച്ച്: തീരുമാനം കോഹ്ലിയുടെ അഭിപ്രായം തേടിയ ശേഷം

0
85

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ആരെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. പുതിയ പരിശീലകന്റെ കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നും ക്രിക്കറ്റ് ഉപദേശക സമിതി വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കിട്ടിയുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുമായി ചർച്ച നടത്തിയതിന് ശേഷമേ പരിശീലകനെ പ്രഖ്യാപിക്കൂ എന്നും ക്രിക്കറ്റ് ഉപദേശക സമിതി അംഗവും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പറഞ്ഞു.

മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലാണ് പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം നടന്നത്. സൗരവ് ഗാംഗുലി, സച്ചിൻ തെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് അപേക്ഷകരുമായി അഭിമുഖം നടത്തിയത്. സച്ചിൻ സ്‌കൈപ് വഴിയാണ് അഭിമുഖത്തിന്റെ ഭാഗമായത്.

പത്ത് പേർ അപേക്ഷ നൽകിയെങ്കിലും അഞ്ചു പേരെ മാത്രമെ ഉപദേശക സമിതി അഭിമുഖത്തിന് ക്ഷണിച്ചുള്ളു. രവി ശാസ്ത്രി, വീരേന്ദർ സെവാഗ്, ടോം മൂഡി, റിച്ചാർഡ് പൈബസ്, ലാൽ ചന്ദ് രജ്പുത് എന്നിവരുമായി ഉച്ചക്ക് തുടങ്ങിയ അഭിമുഖം വൈകുന്നേരമാണ് അവസാനിച്ചത്. ഓരോരുത്തരോടും രണ്ടു മണിക്കൂർ സമയത്തോളം ചർച്ച നടത്തി. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ലണ്ടനിൽ തങ്ങുന്ന രവി ശാസ്ത്രി സ്‌കൈപ് വഴിയാണ് അഭിമുഖത്തിന് എത്തിയത്. രവി ശാസ്ത്രിക്കാണ് സാധ്യത കൂടുതലങ്കെലും സെവാഗിനെ പരിശീലകനാക്കണമെന്നാണ് ആരാധകരിൽ അധികപേരുടെയും ആഗ്രഹം. സോഷ്യൽ മീഡിയയിൽ സെവാഗിനെ പിന്തുണച്ചാണ് ആരാധകർ പോസ്റ്റ് ചെയ്യുന്നത്.

പരിശീലകനായിരുന്ന അനിൽ കുംബ്ലെ കഴിഞ്ഞമാസം സ്ഥാനത്തുനിന്ന് രാജിവെച്ചതോടെയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കേണ്ടി വന്നത്. ജൂൺ 26-ന് കുംബ്ലെയുടെ കാലാവധി തീരാനിരിക്കുകയായിരുന്നു. കുബ്ലെയുടെ രാജിക്കുമുമ്പുതന്നെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും രാജിക്കുശേഷം അപേക്ഷ നൽകാനുള്ള സമയം നീട്ടിനൽകി. അതോടെയാണ് രവിശാസ്ത്രി വീണ്ടും രംഗത്തെത്തിയത്. 2014-ൽ ഇന്ത്യൻ ടീം ഡയറക്ടറായി നിയമിതനായ ശാസ്ത്രി രണ്ടുവർഷം ഈ സ്ഥാനത്ത് തുടർന്നു. 2016-ൽ കുംബ്ലെയുടെ വരവോടെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു