ഒന്‍പതു വിക്കറ്റ് ജയം; ട്വൻറി20 പരമ്പര വിന്‍ഡീസിന്

0
87

വിൻഡീസ്  പര്യടനത്തിലെ ഏക ട്വൻറി20യിൽ ജയം ആതിഥേയർക്ക്. തകർത്തടിച്ച എവിൻ ലെവിസിന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യക്കെതിരെ വിൻഡീസ് ഒമ്പതു വിക്കറ്റ് ജയം സ്വന്തമാക്കിയത്.സ്വന്തം നാട്ടിൽ രാജ്യാന്തര ട്വന്റി20യിൽ സെഞ്ചുറി നേടുന്ന ആദ്യ വിൻഡീസ് താരം എന്ന റെക്കോർഡോടെ എവിൻ ലെവിസ് നടത്തിയ വെടിക്കെട്ടാണ് (62 പന്തിൽ 125) ആതിഥേയർക്ക് ഉജ്വല വിജയം സമ്മാനിച്ചത്.

ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് വിട്ടു. 20 ഓവറിൽ ആറിനു 190 എന്ന ഇന്ത്യ സ്‌കോറിനു മറുപടിയായി തുടക്കം മുതൽ ഇവിൻ ലെവിസ് ആഞ്ഞടിച്ചു. 12 സിക്‌സറും ആറു ബൗണ്ടറിയും ഉൾപ്പെട്ട ഇന്നിങ്‌സ്.ഏറെക്കാലത്തിനു ശേഷം രാജ്യാന്തര ട്വന്റി20യിലേക്കു തിരിച്ചെത്തിയ ക്രിസ് ഗെയ്ൽ (18)പെട്ടെന്നു മടങ്ങിയെങ്കിലും പിന്നാലെയെത്തിയ മർലോൺ സാമുവൽസ് (36) ലൂയിസിനൊപ്പം ചേർന്നു വിൻഡീസിനെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. വിരാട് കോഹ്ലി (39) ഓപണറായി ഇറങ്ങി, ശിഖർ ധവാനൊപ്പം (23) മികച്ച തുടക്കം നൽകി. പിന്നാലെ ഋഷഭ് പന്തും (38) ദിനേശ് കാർത്തികും (48) നന്നായി ബാറ്റ് വീശി. 29 പന്തിൽ അഞ്ചു ബൗണ്ടറിയും മൂന്ന് സിക്സറും പറത്തിയാണ് കാർത്തിക് ടോപ സ്‌കോററായത്. ജെറോം ടെയ്ലറും കെസ്‌റിക് വില്യംസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.