കരുതലോടെ നിന്ന  പോലീസിനെ അമ്പരപ്പിച്ച്  ജയ് വിളിച്ചു ജനങ്ങള്‍   

0
880

അമ്മ പിരിച്ചുവിടണം എന്ന് ജനങ്ങളുടെ ആവശ്യം 

പകല്‍ മുഴുവനും ഉള്ള ചോദ്യം ചെയ്യലിന് ശേഷം ദിലീപിന്റെ അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്‌ വലിയ കരുതലോടെയാണ്. ആലുവക്കാരനായ ദിലീപ് അറസ്റ്റില്‍ എന്ന വാര്‍ത്ത‍ പുറം ലോകം അറിയുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രതിഷേധം ആണ് പോലീസിനെ കരുതലിന് പ്രേരിപ്പിച്ചത്. ദിലീപിനെ പോലീസ് ചോദ്യം ചെയ്യാന്‍ പോലീസ് ക്ലബ്ബില്‍ എത്തിച്ചു എന്ന വാര്‍ത്ത‍ പുറത്തു വന്ന ഉടന്‍ തന്നെ തടിച്ചു കൂടാന്‍ ആരംഭിച്ച ആള്‍ക്കൂട്ടം പക്ഷേ, അപ്രതീക്ഷിതമായി പോലീസിന് ജയ് വിളിക്കുന്ന കാഴ്ചയാണ് കണ്ടത്.

ദിലീപ് അറസ്റ്റില്‍ ആയി എന്ന വാര്‍ത്ത‍ പുറത്തു വന്നത് വൈകീട്ട് ഏഴുമണിയോടെയാണ്. അപ്പോള്‍ മുതല്‍ തന്നെ ജനങ്ങള്‍ പോലീസ് ക്ലബ്ബില്‍ തടിച്ചു കൂടി തുടങ്ങി. വന്ന എല്ലാവരുടെയും പ്രതികരണം നടിക്ക് അനുകൂലമായിരുന്നു എന്നതാണ് പ്രത്യേകത. ദിലീപ് ആലുവക്കാരെ നാണം കെടുത്തിയെന്ന തലത്തില്‍ വരെ പ്രതികരണം  നീണ്ടു. പോലീസിനും സര്‍ക്കാരിനും അനുകൂലമായും ദിലീപിന് എതിരായും മുദ്രാവാക്യങ്ങളും മുഴങ്ങി.തൊട്ട് പിന്നാലെ തന്നെ ഡി.വൈ.എഫ്.ഐ ആലുവ മേഖല കമ്മറ്റിയുടെ പ്രകടനം എത്തി. ദിലീപിനെ അനുകൂലിച്ച ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്‌ രാജിവെക്കണം എന്നും കേസില്‍ എം.എല്‍.എയുടെ പങ്കു അന്വേഷിക്കണം എന്നും ആവശ്യം ഉയര്‍ന്നു. അമ്മ പിരിച്ചു വിടണം എന്ന തരത്തിലുള്ള പ്രതികരണവും ഉയര്‍ന്നതോടെ അമ്മ പ്രസിഡന്റ്‌ ഇന്നസെന്റ്, എം.എല്‍.എമാരായ  മുകേഷ്  , ഗണേഷ് എന്നിവരും സമാനമായ ആവശ്യം നേരിടേണ്ടി വരും എന്നുറപ്പാണ്.