കേരളത്തിലെ കടകളില്‍ നിന്നും കോഴികളെ അതിര്‍ത്തി കടത്തി ക്ഷാമം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം

0
110

ഉല്‍പ്പാദനം  കുറയ്ക്കാനും ആസൂത്രിത ശ്രമം 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെപ്കൊയിലെ വില്പനയും തടയുമെന്ന് വ്യാപാരികള്‍ 

by വെബ്‌ഡെസ്ക്

കോഴി വ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ കേരളത്തിലെ സ്റ്റോക്ക് മൊത്തകച്ചവടക്കാര്‍ തിരിച്ചെടുത്ത് തമിഴ്നാട്ടിലേക്ക് കടത്തി. കേരളത്തില്‍ കടകളില്‍ ഉണ്ടായിരുന്ന കോഴികളെ തിരിച്ചെടുത്താണ് മൊത്ത വ്യാപാരികള്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കാന്‍ നോക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള കെപ്കോയിലെ വില്‍പ്പന ഉള്‍പ്പടെ തടയുമെന്നാണ് വ്യാപാരികളുടെ ഭീഷണി.ഉല്‍പ്പാദനം കുറച്ച് കേരളത്തില്‍ ഇറച്ചിക്കോഴിക്ക് കൃത്രിമ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.മൊത്തക്കച്ചവടക്കാരും കേരളത്തിലെ  ഏതാനും ഇടനിലക്കാരും ചേര്‍ന്നാണ് ജിഎസ്ടിയുടെ മറവില്‍ വിലക്കയറ്റം സൃഷ്ടിക്കുന്നത്.

ഇന്ന്ജി മുതല്‍ അനിശ്ചിത കാലത്തേക്ക്എ കടയടപ്പ് സമരം നടത്തുന്ന കോഴി വ്യാപാരികള്‍ തമിഴ്നാട്ടില്‍ കൂഇയ വില കിട്ടുമെന്ന ന്യായീകരണവും കേട്ടാണ് കടകളിലെ സ്റ്റോക്ക് കൈമാറിയത്.കേരളത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ച 89 രൂപയ്ക്ക് വില്‍ക്കേണ്ടി വരുമ്പോള്‍  തമിഴ്നാട്ടില്‍ 110 രൂപ കിട്ടുമെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്.ജി.എസ്.ടി  നടപ്പായതോടെ കോഴിനികുതി ഇല്ലാതായതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കുന്നതിനാണ് ഈ നീക്കം. ഇവരുടെ സമ്മര്‍ദത്തില്‍ കുരുങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ് കേരളത്തിലെ കോഴിവ്യാപാരികള്‍. കോയമ്പത്തൂരിലെയും പൊള്ളാച്ചിയിലെയും മൊത്തവില്‍പ്പനകേന്ദ്രത്തില്‍നിന്ന് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ചരക്കയക്കുന്നതിന് രണ്ടുവിലയാണ് ഈടാക്കുന്നതെന്ന് കേരളത്തിലെ കോഴിവ്യാപാരികള്‍ പറയുന്നു. കേരളത്തിലെ വ്യാപാരികളില്‍നിന്ന് കൂടിയ വിലയാണ് ഈടാക്കുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള മൊത്തക്കച്ചവടക്കാരനാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തിക്കുന്നതിലെ പ്രധാന ഇടനിലക്കാരന്‍.

നൂറുരൂപയില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേരളത്തിലെ കോഴിവ്യാപാരികള്‍. നൂറു രൂപയ്ക്ക് വില്‍ക്കാനാകുമെങ്കില്‍ നിലവില്‍ എന്തിന് 140 രൂപയിലധികം ഈടാക്കുന്നുവെന്ന് വ്യക്തമാക്കാന്‍ വ്യാപാരികള്‍ക്കാകുന്നില്ല. ജിഎസ്ടി നിലവില്‍വരുന്നതിനുമുമ്പ് കോഴിക്ക് നികുതിയുണ്ടായിരുന്ന ഏകസംസ്ഥാനമാണ് കേരളം. 14.5 ശതമാനമായിരുന്നു നികുതിനിരക്ക്. ജിഎസ്ടി നിലവില്‍വന്നതോടെ നികുതി ഇല്ലാതായി. നികുതി ഇല്ലാതായതോടെ വില കുറയുന്നതിനുപകരം വര്‍ധിച്ചു. ജൂണ്‍ 30ന് 133 രൂപയായിരുന്നു ഇറച്ചിക്കോഴിക്ക് ചില്ലറവില്‍പ്പന വില. ഇതില്‍ 19.28 രൂപ നികുതിയായിരുന്നു. ജൂലൈ ഒന്നിന് നികുതി ഇല്ലാതായപ്പോള്‍ വില നാലുരൂപ കൂട്ടി 137 രൂപയാക്കി. ജൂലൈ ആറിന് വില 147 വരെയെത്തി. ശനിയാഴ്ച 140 രൂപയ്ക്കാണ് ഇറച്ചിക്കോഴിവില്‍പ്പന നടത്തിയത്. എന്നാല്‍, തമിഴ്‌നാട്ടില്‍നിന്ന് 110 രൂപയ്ക്കാണ് കേരളത്തിലേക്ക് കോഴിയെത്തുന്നതെന്ന് കോഴിവ്യാപാരികള്‍ പറയുന്നു.

ചില്ലറവില്‍പ്പനയ്‌ക്കെത്തുമ്പോള്‍ ഒരു കോഴിക്ക് പത്തു രൂപയോളം ചെലവുവരുമെന്നും അതിനാല്‍ സര്‍ക്കാര്‍വാദം അംഗീകരിക്കാനാകില്ലെന്നുമാണ് ഇവരുടെ നിലപാട്. അതേസമയം, തമിഴ്‌നാട്ടിലെ മൊത്തവില 110 രൂപ എന്നത് പെരുപ്പിച്ച കണക്കാണെന്നാണ് നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കടകളടച്ചിട്ടുള്ള സമരം ഏറെയൊന്നും മുന്നോട്ടുപോകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ ദിവസേന പത്തുലക്ഷത്തോളം കോഴികളെ വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഈ വില്‍പ്പന നിര്‍ത്തിയാല്‍ തമിഴ്‌നാട്ടിലെ കോഴിവ്യാപാരം തകരും.