ജിഎസ്ടി: സിപിഎം അനുകൂല വ്യാപാരികള്‍ കടയടപ്പുസമരത്തിനില്ല 

0
79

ജിഎസ്ടിയുടെ പേരിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം വ്യാപാരികൾ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന കടയടപ്പുസമരത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി. സമിതിയുടെ കീഴിൽ സംസ്ഥാനത്ത് മൂന്നുലക്ഷം വ്യാപാരികളാണുള്ളത്. ജിഎസ്ടിയുടെ പേരിൽ ഏകോപനസമിതി പ്രഖ്യാപിച്ച കടയടപ്പുസമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജിഎസ്ടി നടപ്പാക്കുമ്‌ബോഴുണ്ടാവുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഇന്ത്യയിലെ ആകെ വ്യാപാര വാണിജ്യമേഖലയെ ബാധിക്കുന്നതാണ്.
കേരളത്തിൽ മാത്രം കടകളടച്ച് പ്രതിഷേധിക്കുന്നത് വിവേകശൂന്യമായ സമരമാർഗമാണെന്ന് സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ആവശ്യമായ സമയം ലഭ്യമാക്കുകയും മുന്നൊരുക്കങ്ങൾ സ്വീകരിക്കാതെയുമാണ് കേന്ദ്രസർക്കാർ ജിഎസ്ടി നടപ്പാക്കിയത്. ഇതുമൂലം ഉടലെടുത്ത പ്രതിസന്ധിയിൽ വ്യാപാരികൾ ആശങ്കാകുലരാണ്. ചെറുകിടവ്യാപാരമേഖലയിലെ വിറ്റുവരവ് ഗണ്യമായി കുറഞ്ഞിരിക്കുന്നു.അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുവരവ് കുറഞ്ഞതോടെ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികളെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.

മൂന്നുമാസക്കാലം ജിഎസ്ടി നടപ്പാക്കുന്നതിനുള്ള അവസരമാണെന്നും ഇക്കാലയളവിൽ യാതൊരു പ്രതികാരനടപടികളും വ്യാപാരികൾക്കുമേൽ സ്വീകരിക്കില്ലെന്നുമുള്ള സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ ഉറപ്പും പ്രശ്‌നപരിഹാരത്തിനായി ജില്ലാതല ഗ്രീവൻസ് സെല്ലുകൾ രൂപീകരിക്കുമെന്ന നിലപാടും ആശ്വാസകരമാണ്.സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാരികൾ ഉപഭോക്താക്കളുമായി സൗഹൃദാന്തരീക്ഷം പുലർത്തിപ്പോരുന്നവരാണ്. ഇവരെ തമ്മിലടിപ്പിക്കാൻ മാത്രമേ ഇപ്പോൾ പ്രഖ്യാപിച്ച സമരം ഉതകുകയുള്ളൂവെന്നും സമിതി ചൂണ്ടിക്കാട്ടി.