ദിലീപിന് വേണ്ടി ഇടപെട്ടത് സെന്‍കുമാര്‍ , മുന്‍ ഡി.ജി.പിയുടെ വാദങ്ങളും പൊളിഞ്ഞു

0
9252

ദിലീപിനെ നീണ്ട പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ ഉന്നത തല ഇടപെടല്‍ നടത്തിയത് അന്നത്തെ ഡി.ജി.പിയായ സെന്‍കുമാര്‍ . തിരുവനന്തപുരത്ത് നിന്നും വന്ന ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍  ആണ് അന്ന് ദിലീപിനെയും നാദിര്‍ഷായെയും വിട്ടത് എന്ന് പോലീസ് വൃത്തങ്ങള്‍ തന്നെ സൂചിപ്പിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളി പോയത് എന്ന മട്ടിലുള്ള സൂചനകള്‍ പുറത്തു വിട്ട സെന്‍കുമാര്‍ വിരമിച്ച ശേഷം ദിലീപിനായി നടത്തിയ വാദങ്ങള്‍ കൂടിയാണ് ഇപ്പോള്‍ പൊളിയുന്നത്.

ദിലീപിനെ അറസ്റ്റ് ചെയ്യാൻ തെളിവുകളില്ലെന്നും നടക്കുന്നത് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അദ്ദേഹം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആരോപിച്ചിരുന്നു.എന്നാൽ അന്വേഷണത്തിൽ ഒരു പോരായ്മയും ഇല്ലെന്നും എല്ലാം നല്ല വഴിക്കാണെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.

അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ

അടിസ്ഥാനപരമായി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് കേസിലുള്ളത്. അവരാണ് എല്ലാം ചെയ്യുന്നതെന്നു വരുത്തണം. അതിനുള്ള ശ്രമമാണ്. അതുകൊണ്ട് ആ കേസ് ചിലപ്പോൾ തുലഞ്ഞുപോകും. അന്വേഷണ സംഘത്തെ നയിക്കുന്ന ഐ.ജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ല. അതുകൊണ്ട് സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട എന്ന് താൻ നിർദേശം നൽകിയിരുന്നതായും അദ്ദേഹം പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ ഇതുവരെ സർക്കാരിന്റെയോ സി.പി.എമ്മിന്റെയോ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതിൽ ആകെയുള്ളത് സന്ധ്യയ്ക്ക് സ്വാമിയുടെ കേസിലൊക്കെ ഉണ്ടായിട്ടുള്ള നാണക്കേട് പരിഹരിക്കാനുള്ള ഇടപെടലാണ്. ദിലീപിനെതിരെ ഇതുവരെ ഒരു തെളിവും കിട്ടിയിട്ടില്ല. സുനിൽകുമാർ മുമ്‌ബേ ഈ രീതിയിൽ ഒന്നിലധികം നടിമാരോട് പെരുമാറിയിട്ടുള്ളയാളാണ്. 2013ൽ ക്വട്ടേഷൻ കൊടുത്തുവെന്നാണ് പറയുന്നത്. അത് 2017ലാണോ ചെയ്യുന്നത്. ക്വട്ടേഷനെടുക്കുന്നവൻ അഡ്വാൻസ് വാങ്ങാതെ അതു ചെയ്യുമോയെന്നും സെൻകുമാർ ചോദിക്കുന്നു.

സംവിധായകൻ നാദിർഷായെ എ.ഡി.ജി.പി തച്ചങ്കരി വൈറ്റിലയിൽ വച്ചു കണ്ടിട്ടുണ്ടെന്നും അത് താൻ അറിഞ്ഞെന്നും സെൻകുമാർ സമ്മതിക്കുന്നു. നേരത്തേ എന്തോ കാസറ്റൊക്കെ ഇറക്കിയ ബന്ധമുണ്ട് അവർ തമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.