നാലുമാസത്തിനുള്ളില്‍ പുകവലിക്കാര്‍ പിഴ കെട്ടിയത് ഒരു കോടി

0
103

കൂടുതല്‍ പിഴ കെട്ടിയത് കണ്ണൂരുകാര്‍; കുറഞ്ഞ പിഴ ആലപ്പുഴയില്‍ നിന്ന് 

പൊതുസ്ഥലത്ത് പരസ്യമായി പുകവലിക്കാരുടെ എണ്ണം വർധിച്ചപ്പോൾ സംസ്ഥാന സർക്കാരിന് ലഭിച്ചത് ഒരുകോടി നാല് ലക്ഷം രൂപ. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ മാത്രം പിഴയിനത്തിൽ ലഭിച്ച തുകയാണിത്. പുകവലിക്കാൻ ചിലവാക്കുന്നതിന്റെ എത്രയോ ഇരട്ടി പിഴയടയ്ക്കാൻ ചിലവാക്കേണ്ടി വരുന്നുണ്ടെന്നാണ് ഇവരുടെ പരിതാപം.
കഴിഞ്ഞ നാലുമാസത്തിനിടയിൽ 54,837 പേരാണ് സംസ്ഥാന സർക്കാരിന്റെ കണക്കു പ്രകാരം നിയമ ലംഘനം നടത്തിയത്. നിയമത്തിന്റെ പരിധിയിൽ നിന്നും കണ്ണുവെട്ടിച്ച് നടക്കുന്നവരും അധികാരികൾ പിഴയിടാതെവിടുന്നവരുടെയും എണ്ണം നിരവധിയാണ്. പൊതു സ്ഥലത്ത് പുകവലി നിരോധിച്ചിട്ടും ഇതൊന്നും കാര്യമാക്കാതെ മറ്റുള്ളവർക്ക് ദുസ്സഹമായ വിധത്തിൽ വലിച്ചുതള്ളുന്നവർ നിരവധിയാണ്.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ തുക പിഴയിനത്തിൽ ലഭിച്ചത് ജനുവരിയിലായിരുന്നു. ഒരു മാസം ലഭിച്ചത് 28,73,000 രൂപ. ഫെബ്രുവരിയിൽ പുകവലി നിരോധന നിയമത്തിലൂടെ മാത്രം വിവിധ ജില്ലകളിൽ നിന്ന് 26,10,800 രൂപ ലഭിച്ചു. മാർച്ച്, ഏപ്രിൽ മാസത്തിൽ യഥാക്രമം 25,37,500, 24,26,000 രൂപയും പിഴയിനത്തിൽ സർക്കാരിലേക്ക് ലഭിച്ചതായാണ് കണക്കുകൾ. ജനുവരിയിൽ ഏറ്റവും കൂടുതൽ തുക പിഴയിനത്തിൽ ലഭിച്ചത് കണ്ണൂർ ജില്ലയിൽ നിന്നാണ്. പൊതുസ്ഥലത്ത് പുകവലിക്കുന്നവർ കൂടുതലും കണ്ണൂർ ജില്ലയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ ഏപ്രിൽ വരെ എല്ലാ മാസവും കുടുതൽ തുക പിഴയായി ഈടാക്കിയത് ഇവിടെ നിന്നാണ്. ജനുവരിയിൽ 4,09,600 രൂപ ഈടാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഫെബ്രുവരിയിൽ 3,83,000 രൂപയും 3,84,800 രൂപ മാർച്ചിലും ഈടാക്കിയപ്പോൾ 3,73,800 രൂപ കഴിഞ്ഞ ഏപ്രിലിൽ ലഭിച്ചു.
ഏറ്റവും കുറവ് തുക ഈടാക്കിയത് ആലപ്പുഴയിലാണ്. 58600 രൂപ മാത്രമാണ് ആദ്യമാസം ഇവിടെ നിന്ന് ലഭിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ 50,800 ഉം മാർച്ചിൽ 56,200 ഉം ഏപ്രിൽ മാസം 41,400 രൂപയുമാണ് പിഴയിനത്തിൽ ഇവിടെ നിന്നും സർക്കാരിന് ലഭ്യമായത്. നിയമങ്ങൾ കർശനമാക്കുമ്പോഴും പുകവലിക്കാരുടെ എണ്ണത്തിൽ കുറവില്ലെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. നിയമങ്ങൾ പാലിക്കാൻ പൊതുജനം തയാറാകുന്നില്ലെന്ന സൂചനയാണ് ഇത്തരം കണക്കുകൾ നൽകുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം മാത്രം മറ്റു ജില്ലകളിൽ നിന്ന് പിഴയിനത്തിൽ ലഭിച്ച തുക ഇങ്ങനെ: തിരുവനന്തപുരം 2,03,600, കൊല്ലം 25,600, പത്തനംതിട്ട 1,24,400, കോട്ടയം 1,09,200, ഇടുക്കി 80,800, എറണാകുളം 284600, തൃശൂർ 1,96,400, പാലക്കാട് 267200, മലപ്പുറം 1,36,000, കോഴിക്കോട് 1,17,600, വയനാട്83,000, കാസർകോഡ് 67,600.