പാകിസ്ഥാന് വേണ്ടി കശ്മീരില്‍ ഇടപെടുമെന്ന് ചൈന

0
169

ചൈനയുമായി തർക്കം നിലനിൽക്കുന്ന ഡോക്ലയിൽ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തിൽ കശ്മീരിൽ ചൈന ഇടപെടുമെന്ന് ചൈനീസ് പത്രം. പാകിസ്താൻ ആവശ്യപ്പെട്ടാൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ചൈനയുടെ ദേശീയ പത്രം ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ പറയുന്നു.

ഇന്ത്യൻ സൈന്യം ഡോക്ലയിൽ ഇടപെടുന്നത് ഭൂട്ടാനുവേണ്ടിയല്ലെന്നും ഇന്ത്യയുടെ താൽപര്യം സംരക്ഷിക്കാനാണെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ഭൂട്ടാന്റെ അതിർത്തിയിൽ നിലവിലുള്ള അംഗീകൃത അതിർത്തിരേഖയിലല്ലാതെ തർക്ക മേഖലയിൽ ഇടപെടാൻ ഇന്ത്യയ്ക്കാവില്ല. ഇപ്പോഴത്തെ ഇടപടലിന് ഇന്ത്യ പറയുന്ന യുക്തി അനുസരിച്ചാണെങ്കിൽ, പാകിസ്താൻ ആവശ്യപ്പെട്ടാൽ ചൈനയ്ക്ക് കശ്മീരിൽ ഇടപെടാൻ സാധിക്കും. ഇന്ത്യ-പാക് തർക്കം നിലനിൽക്കുന്ന പ്രദേശങ്ങളിലും, ഇന്ത്യയുടെ അധീനതയിലുള്ള കശ്മീരിലും ചൈനീസ് സൈന്യത്തിന് പ്രവേശിക്കാനാവുമെന്ന് ചൈന വെസ്റ്റ് നോർമൽ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ സ്റ്റഡീസ് വിഭാഗം മേധാവി ലോങ് ഷിൻചുൻ എഴുതിയ ലേഖനത്തിൽ പറയുന്നു.

ഭൂട്ടാന്റെ നയതന്ത്രത്തിൽ ഇടപെട്ടുകൊണ്ട്, ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താൽപര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു. ഭൂട്ടാനിലേയ്ക്കും നേപ്പാളിലേയ്ക്കും വൻതോതിൽ ഇന്ത്യക്കാർ കുടിയേറുന്നത് ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളെ ബാധിക്കുന്നു. സിക്കിമിനെപ്പോലെ ഒരു ഇന്ത്യൻ സംസ്ഥാനമായി ഭൂട്ടാനും നേപ്പാളും മാറാതിരിക്കാനാണ് ഈ രാജ്യങ്ങൾ ശ്രദ്ധിക്കേണ്ടത്. ദക്ഷിണേഷ്യയിൽ ഇന്ത്യ പുലർത്താൻ ശ്രമിക്കുന്ന ‘അധീശത്വപരമായ നയതന്ത്രം’ അന്താരാഷ്ട്ര നിയമങ്ങളെയും കീഴ്വഴക്കങ്ങളെയും ലംഘിച്ചുകൊണ്ടുള്ളതാണെന്നും ലേഖനം പറയുന്നു.

സിക്കിം അതിർത്തിയിൽ ഭൂട്ടാനും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന പ്രദേശത്ത് ഇന്ത്യ-ചൈന സൈന്യങ്ങൾ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയിരുന്നു. പ്രാചീന കാലംമുതൽ ഡോക്ലാങ് ചൈനയുടെ ഭാഗമായിരുന്നെന്നാണ് ചൈന അവകാശപ്പെട്ടു വന്നിരുന്നത്. എന്നാൽ ഇത് തർക്കപ്രദേശമാണെന്ന രീതിയിൽ ചൈനീസ് പണ്ഡിതന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് പ്രതികരണം ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്.