ബി നിലവറ  അന്തിമ തീരുമാനം തന്ത്രിയുടേത്

0
76

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിന് ആചാരപരമായ തടസ്സങ്ങളുണ്ടെന്ന് രാജകുടുംബം അറിയിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിലവറതുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജകുടുംബവുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേത്രത്തിന്റെ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്ത്രിയുടെ തീരുമാനമാണ് അന്തിമമായി കാണുന്നതെന്ന് രാജകുടുംബം സർക്കാരിനെ അറിയിച്ചു.
അമിക്കസ്‌ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കടകംപള്ളി പറഞ്ഞു. ബി നിലവറ തുറക്കണമെന്ന് സർക്കാർ നിലപാട് അറിയിക്കാനാണ് ദേവസ്വംമന്ത്രി കവടിയാർ കൊട്ടാരത്തിലെത്തിയത്. ബി നിലവറ തുറക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന സർക്കാർ നിലപാട് മന്ത്രി വ്യക്തമാക്കുകയായിരുന്നു. എന്നാൽ എതിർപ്പുണ്ടെന്ന് രാജകുടുബം അറിയിക്കുകയായിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നും തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ബി നിലവറ തുറന്നില്ലെങ്കിൽ അനാവശ്യ സംശയങ്ങൾക്ക് വഴിവെക്കും. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും കോടതി നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് നിലവറ തുറക്കാൻ ആവശ്യപ്പെട്ടത്.