മഴ കനിയുന്നില്ല; വയനാട്ടിലും ഇടുക്കിയിലും മഴ കുറവ്

0
177

തെക്കുപടിഞ്ഞാറൻ കാലവർഷം ഒന്നര മാസത്തോടടുക്കവേ, സംസ്ഥാനത്ത് മഴക്കുറവ് തുടരുന്നു. ഞായറാഴ്ച പകൽവരെ സംസ്ഥാനത്ത് 20.8 ശതമാനമാണ് കുറവ്. വയനാട് ജില്ലയിൽ 61.2 ശതമാനം മഴ കുറഞ്ഞു. അടുത്ത നാലു ദിവസംകൂടി പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനമെങ്കിലും ശക്തിപ്പെടുന്നില്ല. കഴിഞ്ഞ വർഷം കാലവർഷത്തിൽ 34 ശതമാനം കുറവുണ്ടായിരുന്നു.

ഇതുവരെ വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയ മഴക്കുറവ് ശതമാനത്തിൽ: വയനാട്-61.2, ഇടുക്കി- 33.6, തൃശൂർ- 16.2, പാലക്കാട്- 20.9, പത്തനംതിട്ട- 13.1, തിരുവനന്തപുരം- 19.6, മലപ്പുറം- 25, കോഴിക്കോട്- 7.1, കോട്ടയം- 4.1, കാസർകോട്- 14.8, കണ്ണൂർ- 26.9, എറണാകുളം- മൂന്ന്, ആലപ്പുഴ- 12.4, കൊല്ലം- ശരാശരി മഴ.

ജൂൺ ഒന്നുമുതൽ ജൂലൈ ഒമ്പതുവരെ സംസ്ഥാനത്ത് ശരാശരി 890 മില്ലിമീറ്റർ മഴ കിട്ടണമെന്നിരിക്കെ കിട്ടിയത് 707. ജൂൺ, ജൂലൈ, ആഗസ്ത്, സെപ്തംബർ ഉൾപ്പെട്ട കാലവർഷക്കാലത്ത് ശരാശരി 1928 മില്ലിമീറ്റർ മഴയെങ്കിലും കിട്ടണം. മൺസൂൺ കാലത്ത് കൂടുതൽ മഴ ലഭിക്കേണ്ട ജൂൺ, ജൂലൈ മാസങ്ങളിൽ മഴക്കുറവുണ്ടായാൽ അത് മൊത്തം കാലവർഷത്തെ പ്രതികൂലമായി ബാധിക്കും.

കഴിഞ്ഞ വർഷം കാലവർഷം 34 ശതമാനവും തുലാവർഷം 63 ശതമാനവും കുറഞ്ഞതുമൂലം രൂക്ഷമായ വരൾച്ചയാണ് സംസ്ഥാനത്തുണ്ടായത്. 2015ലും കേരളത്തിൽ 26 ശതമാനം മഴ കുറഞ്ഞു. തുടർച്ചയായി മഴ കുറയുന്ന പശ്ചാത്തലത്തിൽ ജലസംഭരണം, ജലവിനിയോഗം, ജലസേചനം തുടങ്ങിയ രംഗത്ത് ആസൂത്രിതവും ശാസ്ത്രീയവുമായ മാർഗങ്ങൾ അവലംബിക്കണമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ. സി എസ് ഗോപകുമാർ പറഞ്ഞു.