വിദേശ രാജ്യങ്ങളില്‍ മരിക്കുന്നവരുടെ മ്യതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളാധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പ്രധാനമന്തിക്ക് കത്തയച്ചു.
മരണസര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ നല്കുന്ന നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, മരിച്ചയാളുടെ റദ്ദാക്കിയ പാസ്പോര്‍ട്ട് എന്നിവ വിമാനത്താവളാധികൃതര്‍ക്ക് നാല്പ്പത്തെട്ട് മണിക്കൂറുകള്‍ക്ക് മുമ്പെ നല്കിയെങ്കില് മാത്രമെ പുതിയ സര്‍ക്കുലര്‍ പ്രകാരം ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയൂ. ഇത് പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഈ നിബന്ധനകള്‍ പ്രകാരം മരിച്ചയാളുടെ ഭൗതികാവശിഷ്ടങ്ങള്‍ രണ്ട് മുതല്‍ നാല് ദിവസം വരെ വൈകി മാത്രമെ നാട്ടിലെത്തിച്ചേരുകയുള്ളു. ഏംബാം ചെയ്ത മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നവര്ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ പുതിയ നിബന്ധന പ്രകാരം അനുഭവിക്കേണ്ടി വരും. ആശുപത്രികളില്‍ നിന്ന് എംബാം ചെയ്ത ഭൗതികാവശിഷ്ടം നേരിട്ട് വിമാനത്താവളത്തിലെത്തിക്കാന്‍ കഴിയില്ല.
മേല്‍പ്പറഞ്ഞ നിബന്ധനകളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധാരണ സൂക്ഷിക്കുന്നത് കൂടാതെ വീണ്ടും 48 മണിക്കൂര്‍ കൂടി ഭൗതികാവശിഷ്ടം സൂക്ഷിക്കേണ്ടി വരും. ഇതെല്ലാം വിദേശത്ത് വച്ച് മരിക്കുന്നവരുടെ കുടംബാംഗങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമാണ് വരുത്തി വയ്കുന്നത്. ഇത് മുന്‍ നിര്‍ത്തിയാണ് ഈ നിബന്ധനകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.