രാഹുല്‍ ചൈനീസ് സ്ഥാനപതിയെ കണ്ടെന്ന് ചൈന; ഇല്ലെന്ന് കോണ്‍ഗ്രസ്

0
49

ചൈനീസ് സ്ഥാനപതി ലുവോ സാവോഹുയിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസി. എന്നാല്‍ വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചു.

രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ സാവോഹുയിയുമായി ജൂലായ് എട്ടിന് കൂടിക്കാഴ്ച നടത്തിയെന്നാണ് ചൈനീസ് എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും വെബ്സൈറ്റ് പറയുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അതേസമയം, വാര്‍ത്തയെ തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സര്‍ജേവാല, കേന്ദ്രമന്ത്രിമാരുടെ ചൈനീസ് സന്ദര്‍ശനത്തെയും ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിങ്പിങ്ങിനെ കണ്ടതിനെയും വിമര്‍ശിച്ചു.

സിക്കിം അതിര്‍ത്തിയില്‍ ഭൂട്ടാനും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ വന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നിശ്ശബ്ദതയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.