വലിയ മീന്‍ കുടുങ്ങി, ഹാറ്റ്സ് ഓഫ് പിണറായി 

0
1045

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലുൾപ്പെട്ടത് എത്ര വലിയ മീനായാലും കേരളാ പൊലീസ് വലയിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയത് വെറുതെയല്ല. കുറ്റം ചെയ്തത് എത്ര വലിയ ആളായാലും അറസ്റ്റ് ചെയ്യുമെന്ന് വനിതാ സംഘടനാ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അന്വേഷണത്തിന് പൊലീസുകാർക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് അന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇത് തന്നെയാണ് മലയാള സിനിമയിലെ ജനപ്രിയ താരമായിട്ടും അതൊന്നും തടസമാകാതെ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടു പോവാനായത്. മലയാള സിനിമാ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു സിനിമാ താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇടതുപക്ഷത്തുള്ള രണ്ട് എം.എൽ.എമാരും ഒരു എം.പിയും താരസംഘടനയുടെ തലപ്പത്തുണ്ടായിട്ടും ദിലീപിനെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ വിജയമാണെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.

നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നെങ്കിലും ഗൂഢാലോചന കണ്ടെത്താനായിരുന്നില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യത്തെ അഭിപ്രായം കേസിൽ യാതൊരു ഗൂഢാലോചന ഇല്ലെന്നുമായിരുന്നു. ഈ പരാമർശത്തിന് അദ്ദേഹം തന്നെ ഒരുപാട് പഴി കേൾക്കേണ്ടിയും വന്നു. ഇതിനിടെയാണ് സിനിമാ മേഖലയിലെ പുതിയ സ്ത്രീ കൂട്ടയ്മയായ ‘വുമൺ ഇൻ സിനിമാ കളക്റ്റീവ്’ മുഖ്യമന്ത്രിയെ കാണാൻ എത്തിയത് ഇതോടെയാണ് മുഖ്യമന്ത്രി നിലപാട് മാറിയത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.

ആദ്യം മുതലെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കേസന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നപ്പോൾ ഇക്കാര്യം മുഖ്യമന്ത്രി വീണ്ടും ഓർമ്മിപ്പിച്ചിരുന്നു. അഞ്ച് ദിവസങ്ങൾക്ക് മുമ്പ് പിണറായി സ്വന്തം ഫേസ്ബുക്ക് പേജിലും ഇത് കുറിച്ചിരുന്നു. പിണറായി കേരളീയ സമൂഹത്തിന് കൃത്യമായ സൂചനയാണ് നൽകിയതെന്ന് വ്യക്തമാകുകയാണ് ദിലീപിന്റെ അറസ്റ്റിലൂടെ. മാത്രമല്ല സ്ത്രീകൾക്കെതിരെ ആര് അതിക്രമം നടത്തിയാലും ശിക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനം കൂടിയാണ് മലയാള സിനിമയിലെ ഉന്നതന്റെ കയ്യിൽ വിലങ്ങ് വീഴുന്നതിലൂടെ നടപ്പാകുന്നത്.

പ്രാഥമിക അന്വേഷണം നടക്കുന്ന ഘട്ടത്തിൽ തന്നെ ദിലീപിന്റെ പങ്ക് സംബന്ധിച്ചുള്ള വ്യക്തമായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രതി ശക്തനായതുകൊണ്ടു തന്നെ ഇതുസംബന്ധിച്ച വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയെയും അന്വേഷണസംഘം ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ, എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതി അറസ്റ്റെന്നായിരുന്നു പിണറായി കൈക്കൊണ്ടത്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂർണമായും രഹസ്യമായി വെക്കാനും ആഭ്യന്തവകുപ്പ് തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ഗൂഢാലോചനയില്ല എന്ന പ്രഖ്യാപനം പിണറായി വിജയൻ നടത്തിയത്.ഡിജിപി സ്ഥാനത്തേക്ക് സെൻകുമാർ എത്തിയപ്പോൾ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ സെൻകുമാർ അറിയാതിരിക്കാനും ആഭ്യന്തരവകുപ്പ് ശ്രദ്ധിച്ചു. കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ പോലും ഡിജിപിക്ക് കാണാൻ സാധിക്കാത്തവിധം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തി. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തുന്നത് വരെ രക്ഷപ്പെട്ടെന്ന ആശ്വാസത്തിലായിരുന്നു ദിലീപ്.