ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള അഭിമുഖ പരീക്ഷ ഇന്ന് നടക്കവേ രവി ശാസ്ത്രിക്ക് സാധ്യത. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ഒപ്പം അഡ്വൈസറി ബോര്‍ഡിലെ മൂന്നു അംഗങ്ങളില്‍ രണ്ടു പേരുടെയും പിന്തുണ ലഭിക്കും എന്നതാണ് ശാസ്ത്രിയുടെ സാധ്യത കൂട്ടുന്നത്. അഡ്വൈസറി ബോര്‍ഡില്‍ സച്ചിനും വി.വി.എസ് ലക്ഷ്മണും ശാസ്ത്രിയെ അനുകൂലിക്കുമ്പോള്‍ ഗാംഗുലിക്ക് വിയോജിപ്പാണ് ഉള്ളത്.
കുംബ്ലെ രാജിവെച്ച ഒഴിവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് ആവാൻ ഇതുവരെ ലഭിച്ച 10 സിവി പരിശോധിച്ചതിൽ നിന്നും ആറുപേരെയാണ് അഭിമുഖത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഇവരിൽ രവിശാസ്ത്രിക്കുതന്നെയാണ് മുൻഗണനയെന്ന് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു. സച്ചിൻ ടെണ്ടുൽക്കർ, വിവിഎസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരാണ് കോച്ചിനായുളള അഭിമുഖത്തിന് നേതൃത്വം നൽകുന്നത്.
സച്ചിനും ലക്ഷ്മണും രവിശാസ്ത്രിയെ നിർദ്ദേശിച്ചേക്കും.നേരത്തെ ടീം ഡയറക്ടറായിരുന്നപ്പോൾ രവിശാസ്ത്രിയുടെ മികവ് ടീം ഇന്ത്യയ്ക്ക് ഗുണം ചെയ്തിരുന്നുവെന്ന നിലപാടാണ് ഇരുവര്‍ക്കും ഉള്ളത്.കോഹ്ലി ഉള്‍പ്പടെയുള്ളവരുടെ പിന്തുണയും രവിശാസ്ത്രിക്ക് ഗുണം ചെയ്യും. ശാസ്ത്രിയെ പോലെ ഒന്നിലും ഇടപെടാത്ത കോച്ചാണ് വേണ്ടത് എന്നാണ് കോഹ്ലി ഉള്‍പ്പടെയുള്ളവരുടെ അഭിപ്രായം. കളിക്കാരെ വ്യക്തിപരമായ മികവു വെച്ച് അളക്കാനോ അതിനനുസൃതമായി വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനോ തയ്യാറായതാണ് കുംബ്ലെയും കോഹ്ലിയും തമ്മില്‍ ഇടയാന്‍ കാരണം ആയത്. അന്ന് കോഹ്ലി ചൂണ്ടിക്കാട്ടിയത് ശാസ്ത്രിയെ പോലെ ആകണം എന്നായിരുന്നു. കഴിഞ്ഞ തവണ കോച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രവിശാസ്ത്രിയുമായി വാക്പോര് നടത്തിയതിനാൽ ഗാംഗുലി ശാസ്ത്രിയെ പിന്തുണച്ചേക്കില്ല. ടീം ശ്രീലങ്കയിലേക്ക് പോകുന്നതിന് മുൻപ് പുതിയ കോച്ചിനെ ബിസിസിഐ പ്രഖ്യാപിക്കും.
രവിശാസ്ത്രി, വിരേന്ദർ സെവാഗ്, ടോം മൂഡി, റിച്ചാഡ് പൈബസ്, ദോഡ ഗണേഷ്, ലാൽചന്ദ് രജ്പുത്, ലാൻസ് ക്ലൂസ്നർ, രാകേഷ് ശർമ(ഒമാൻ ദേശീയ ടീം കോച്ച്), ഫിൽ സിമ്മൺസ്, ഉപേന്ദ്രനാഥ് ബ്രഹ്മചാരി(ക്രിക്കറ്റ് കോച്ചിങ്ങിനെക്കുറിച്ച് ഒന്നും അറിയാത്ത എഞ്ചിനീയർ) എന്നിവരാണ് ബിസിസിഐയ്ക്ക് സിവി അയച്ചിട്ടുള്ളത്.ഇവരിൽ രവിശാസ്ത്രി, സെവാഗ്, മൂഡി, സിമ്മൺസ്, പൈബസ്, രാജ്പുത് എന്നിവരെ അഭിമുഖത്തിനായി ക്ഷണിച്ചിട്ടുണ്ട്. ക്ലൂസ്നർ സ്റ്റാൻഡ് ബൈ ആണ്. ആവശ്യമാണെങ്കിൽ പിന്നീട് അഭിമുഖത്തിനായി ക്ഷണിക്കും.