സര്‍ക്കാര്‍ എതിര്‍ത്തിട്ടും 20 സ്വാശ്രയ എൻജിനിയറിങ് കോളേജുകൾക്ക് സ്ഥിര അഫിലിയേഷന് നീക്കം 

0
68


വൈസ് ചാൻസലർക്ക് താൽപ്പര്യമുള്ള ഇരുപതോളം സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകൾക്ക് സ്ഥിര അഫിലിയേഷൻ നൽകാൻ നീക്കം. കോടികളുടെ അഴിമതിക്ക് കളമൊരുങ്ങുന്ന തീരുമാനം കേരളസാങ്കേതിക സർവകലാശാലയിലെ സർക്കാർ പ്രതിനിധികൾ എതിരായിട്ടും ഗവേണിങ് ബോഡിയിലുള്ള ഭൂരിപക്ഷം ഉപയോഗിച്ച് നടപ്പാക്കാൻ തീവ്രനീക്കം.

വൈസ് ചാൻസലർക്ക് താൽപര്യമുള്ള ചില കോളേജുകളിൽ വിദേശ സർവകലാശാലകളുമായി ചേർന്ന് സംയുക്ത കോഴ്‌സുകൾ നടത്താൻ നേരത്തെ നീക്കമുണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യത്തിൽ തകർന്ന ചില വിദേശ കടലാസ് സർവകലാശാലകളാണ് ഈ സംയുക്ത കോഴ്‌സ് നീക്കവുമായി വിസിയെ സമീപിച്ചത്. എന്നാൽ സർവകലാശാലയുടെ ആക്ടിന് ആവശ്യമായ സ്റ്റാറ്റിയൂട്ട് ഇതുവരെ രൂപീകരിച്ചില്ല. സ്റ്റാറ്റിയൂട്ട് ഇല്ലാതെ ഇത്തരം തീരുമാനങ്ങൾ സർവകലാശാലയ്ക്ക് എടുക്കാൻ കഴിയില്ല. ഇതിനെ മറികടക്കാനാണ് വിദേശ കോഴ്‌സുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന കോളേജുകൾക്ക് സ്ഥിര അഫിലിയേഷൻ നൽകാനുള്ള ശ്രമം വിസി ആരംഭിച്ചത്. കഴിഞ്ഞദിവസം ചേർന്ന എക്‌സിക്യൂട്ടീവ് കൌൺസിലിൽ ഈ ശ്രമം വിസി നടത്തിയിരുന്നു. യോഗത്തിനെത്തിയ ഉന്നത വിദ്യാഭ്യാസവകുപ്പ് അണ്ടർ സെക്രട്ടറി ഇതിനെ എതിർത്തു. എന്നാൽ 31ന് ചേരുന്ന ഗവേണിങ് ബോഡിയോഗത്തിൽ വിഷയം കൊണ്ടുവന്ന് അനുമതി നേടാനാണ് നീക്കം.

സ്ഥിര അഫിലിയേഷൻ കിട്ടുന്ന കോളേജുകൾക്ക് അതുവഴി വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട് സംയുക്ത കോഴ്‌സുകൾ ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ അത്തരം സംയുക്ത കോഴ്‌സുകളെക്കുറിച്ചും ദുരൂഹതകളുണ്ട്. ‘കുറഞ്ഞ ചെലവിൽ വിദേശത്ത് എൻജിനിയറിങ് പഠനം’, ‘ഇവിടുത്തെ കോളേജുകളിൽ പഠിക്കുന്നവർക്ക് വിദേശ സർവകലാശാലകളിലും പരിശീലനാവസരം’ എന്നീ വാഗ്ദാനം നൽകിയാണ് കോഴ്‌സുകൾ കൊണ്ടുവരുന്നത്. ഒരു നിശ്ചിത സെമസ്റ്റർ ഇവിടുത്തെ കോളേജുകളിൽ പഠിച്ചശേഷം ബാക്കി വിദേശത്ത് പഠിക്കുമ്പോൾ കുട്ടികൾ കോഴ്‌സ് പൂർത്തിയാക്കുന്നുയെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ആർക്ക് എന്നതിലാണ് സംശയങ്ങൾ ബാക്കി. സംയുക്ത കോഴ്‌സുകളുടെ ഭാഗമായി

വിദേശത്തേക്ക് പോകുന്ന വിദ്യാർഥിക്ക് കോഴ്‌സ് ആ കാലയളവിൽ പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ ആ സെമസ്റ്ററിന്റെ സർട്ടിഫിക്കറ്റുകൾ ഇവിടെ പഠിച്ചതായി കണക്കാക്കി നൽകേണ്ടിവരും. അത് എൻജിനിയറിങ് പഠനത്തിന്റെ നിലവാരം തകർക്കും. സംയുക്ത കോഴ്‌സുകളുടെ കാര്യത്തിൽ വ്യക്തതയില്ലാതെ സ്വകാര്യ എൻജിനിയറിങ് കോളേജുകളുടെ കച്ചവട ലക്ഷ്യങ്ങൾക്ക് ആവശ്യമായതെല്ലാം സാങ്കേതിക സർവകലാശാലയിൽ വിസി തന്നിഷ്ടപ്രകാരം നടത്തിക്കൊണ്ടിരിക്കുകയാണ്.