സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ മിനിമം വേതനത്തിന്റെ കാര്യത്തിൽ മാനേജ്മെന്റുകൾക്ക് സർക്കാരിന്റെ അന്ത്യശാസനം. മിനിമം വേതനത്തിന്റെ കാര്യത്തിൽ മാനേജുമെന്റുകൾ ഇന്നു തീരുമാനമെടുത്തില്ലെങ്കിൽ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ അറിയിച്ചു.
ശമ്പള പരിഷ്കരണം ചർച്ച ചെയ്യാൻ തിരുവനന്തപുരത്തു ചേരുന്ന സമിതിയുടെ ചർച്ചയിലാണ് സർക്കാർ നിലപാട് കടുപ്പിച്ചത്. ആശുപത്രി മാനേജുമെന്റുകളുടെയും നഴ്സുമാരുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം നഴ്സുമാരുടെ സമരപ്രഖ്യാപനം കണക്കിലെടുത്ത് കോഴിക്കോട്ട് സ്വകാര്യ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപെടുത്തി. അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയർത്തിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമരത്തിലേയ്ക്ക് നീങ്ങുമെന്നാണ് നഴ്സുമാരുടെ മുന്നറിയിപ്പ്. മുന്നൂറ്റിയമ്പതോളം ആശുപത്രികളിലെ നഴ്സുമാർ സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.