പള്‍സറിന്റെ കസ്റ്റഡി ഇന്ന് തീരും; അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്

0
64

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജയിലിലെ ഫോൺ വിളിക്കേസിലെ കസ്റ്റഡിയാണ് അവസാനിക്കുന്നത്. പൾസർ സുനി, സഹ തടവുകാരായ വിഷ്ണു, കോട്ടയം സ്വദേശി സുനിൽ, വിപിൻ ലാൽ എന്നിവരെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയായ ഇമ്രാനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തിരുന്നു.

സുനിക്ക്  ജയിലിൽ ഫോൺ എത്തിച്ചു നൽകിയ വിഷ്ണുവിന് ഫോൺ എത്തിച്ചത് ഇമ്രാനായിരുന്നു. ജയിലിലെ ഫോൺ ഉപയോഗം തെളിയിക്കുന്നതിനുള്ള വിവരങ്ങൾ ലഭിച്ചതായാണ് അന്വേഷണ സംഘം അറിയിക്കുന്നത്. എന്നാൽ നടിയെ ആക്രമിച്ച ഗൂഢാലോചനയെ സംബന്ധിക്കുന്ന വിവരം ലഭിച്ചില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഗൂഢാലോചന സംബന്ധിച്ച കേസിൽ ഇന്നും ആലുവാ പൊലീസ് ക്ലബിൽ മൊഴിയെടുക്കൽ തുടരും.പൾസർ സുനിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ആണ് പോലീസ് നീക്കം. അന്വേഷണ സംഘത്തിന്റെ ഉന്നതതല യോഗം ചേർന്നശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.