അമ്മ മൗനം വെടിയണം: ബാലചന്ദ്ര മേനോൻ

0
89

ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയിൽ അമ്മ മൗനം വെടിയണമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. അമ്മ ഭാരവാഹികൾക്ക് അയച്ച കത്തിലാണ് ബാലചന്ദ്ര മേനോന്റെ വിമർശനം.

അമ്മ എന്ന സംഘടനയെ ചെണ്ടയാക്കുന്ന രീതിക്ക് അവസനാമുണ്ടാകണം. ആർക്കും എന്തും പറയാമെന്ന മട്ടിൽ കാര്യങ്ങൾ പുരോഗമിക്കുമ്പോൾ അമ്മയുടെ ഭാരവാഹികൾ മൗനം പാലിക്കുന്നത് പരിഹാസ്യമാണ്. ഇപ്പോൾ പാലിക്കുന്ന മൗനം വിദ്വാന്റെ ഭൂഷണമല്ല മറിച്ച് ആസനത്തിൽ ആലുമുളച്ച ഭൂഷണമാണ്. പൊതുസമൂഹത്തിൽ സിനിമക്ക് അകത്തും പുറത്തും പിറവിയെടുക്കുന്ന അഭ്യൂഹങ്ങൾ അന്തസ്സായി നേരിട്ടേ പറ്റൂ.

അമ്മ പലരും പാടുപ്പെട്ട് കെട്ടിപ്പടുത്ത സംഘടനയാണെന്നും ആരുടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടേണ്ട കാര്യമില്ല. അഭിപ്രായങ്ങൾക്കനുസരിച്ച് പിരിച്ചു വിടുന്നശീലം ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ രാജ്യത്ത് ഒറ്റ സംഘടനയും കാണില്ല. ഒരു വ്യക്തിയോ ഏതാനും പേരോ ചെയ്തു എന്നു പറയപ്പെടുന്ന ഒരു ഹീന കൃത്യത്തിന്റെ പേരിൽ അതിനുള്ള പരിഹാരം അമ്മയെ വിഴുപ്പലക്കുന്ന കല്ലാക്കുകയല്ല തക്കതായ പരിഹാരം കണ്ടത്തുകയാണ് വേണ്ടതെന്നും ബാലചന്ദ്രമേനോൻ കത്തിൽ പറയുന്നു.