അമർനാഥ് തീർത്ഥാടകർക്ക് നേരെയുള്ള ഭീകരാക്രമണം; പിന്നിൽ ലഷ്‌കർ ഇ തൊയ്ബ

0
69

ശ്രീനഗർ: കശ്മീരിൽ ഏഴ് അമർനാഥ് തീർഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരവാദി ആക്രമണം നടത്തിയത് ലഷ്‌കർ ഇ തൊയ്ബ സംഘടനയെന്ന് പോലീസ്. തിങ്കളാഴ്ച്ച രാത്രി കശ്മീരിലെ അനന്തനാഗ് ജില്ലയിൽ അമർനാഥ് തീർഥാടകരുടെ ബസിനു നേരെയാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിൽ 12 തീർഥാടകർക്ക് പരിക്കേറ്റിരുന്നു.

കശ്മീരിലെ സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന അമർനാഥ് തീർത്ഥയാത്ര കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. പോലീസിനെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്.

നേരത്തെ ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന്റെ വാർഷികം ആയിരുന്നതിനാൽ കശ്മീരിൽ മൂന്നിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പാക് ഭീകരൻ അബു ഇസ്മയിലാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് കശ്മീർ പോലീസ് പറഞ്ഞു.

8.30ന് പോലീസ് ജീപ്പിന് നേരെ ആക്രമണം അഴിച്ചു വിട്ട ഭീകരർ അനന്ത് നാഗിലെ സെക്യൂരിറ്റി പോസ്റ്റിന് സമീപം വെച്ചാണ് ബസ്സിനു നേരെ വെടിയുതിർക്കുന്നത്. ബസ്സിന്റെ മൂന്ന് വശവും നിന്നു കൊണ്ട് തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ജമ്മു കശ്മീരിലെ തീർഥാടന ശേഷം തീർഥാടകരെയും കൊണ്ട് മടങ്ങുകയായിരുന്നു ബസ്.

40 ദിവസം നീണ്ട അമർനാഥ് യാത്ര ജൂൺ 28 നാണ് തുടങ്ങിയത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ഉപഗ്രഹ നിരീക്ഷണം അടക്കമുള്ളവ ഇത്തവണ ഏർപ്പെടുത്തിയിരുന്നു. അതിനിടെയാണ് ഭീകരാക്രമണം.