ചൈനയുമായുള്ള പ്രശ്‌നം പരിഹരിക്കാനാകും: ഇന്ത്യ

0
125

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കങ്ങൾ ആദ്യമല്ലെന്നും സിക്കിമിലെ ദോക് ലാ പ്രദേശത്തെ തർക്കം തന്ത്രപരമായ പക്വതയോടെ ഇരുരാജ്യങ്ങളും നേരിടണമെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘമായ അതിർത്തിയാണുള്ളത്. ഇവ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാൽ തർക്കങ്ങൾക്കു സാധ്യതയേറെയാണ്.

മുൻപുണ്ടായ തർക്കങ്ങൾ പരിഹരിച്ചിട്ടുണ്ട്. എന്നു കരുതി പുതിയ പ്രശ്‌നങ്ങൾ ഉണ്ടായിക്കൂടെന്നില്ല. അതിർത്തി തർക്കത്തിനു പുറമേ തീവ്രവാദം, ആണവോർജം, ഗതാഗത ബന്ധം എന്നിവയിലെ അഭിപ്രായവ്യത്യാസങ്ങളും അടുത്തകാലത്തു ശ്രദ്ധ നേടിയതായി ജയ്ശങ്കർ പറഞ്ഞു. ‘ആസിയാനും മാറുന്ന ഭൗമരാഷ്ടീയവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ വൈവിധ്യമാർന്ന ബന്ധമാണുള്ളതെന്നും അഭിപ്രായ വ്യത്യാസങ്ങൾ തർക്ക വിഷയങ്ങളായി മാറാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദോക് ലാ മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം റോഡ് നിർമിച്ചതാണ് പ്രശ്‌നങ്ങൾക്കു തുടക്കം. തർക്കഭൂമിയിലെ റോഡ് നിർമാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഭൂട്ടാൻ രംഗത്തുവന്നു. ചൈനയുമായി നയതന്ത്ര ബന്ധങ്ങളില്ലാത്ത ഭൂട്ടാൻ ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിച്ചു. സൈനികശേഷിയിൽ കാര്യമായ വീര്യമില്ലാത്ത റോയൽ ഭൂട്ടാൻ ആർമി വിഷയത്തിൽ ഇന്ത്യയുടെ സഹായം അഭ്യർഥിച്ചു.

റോഡ് നിർമാണത്തിൽ നിന്ന് എത്രയും വേഗം പിന്തിരിയണമെന്ന ഇന്ത്യൻ ആവശ്യം ചൈനയെ ചൊടിപ്പിച്ചു. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തു റോഡ് നിർമിക്കുന്നതിനെ എതിർക്കാൻ മറ്റു രാജ്യങ്ങൾക്ക് അവകാശമില്ലെന്നു ചൈന തിരിച്ചടിച്ചു. പ്രശ്‌നങ്ങളുണ്ടെങ്കിൽതന്നെ അതു തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതിൽ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. പിന്നീട്, അതിർത്തിയിൽ ഇന്ത്യൻ സൈനിക ബങ്കറുകൾ ചൈനീസ് സൈന്യം തകർക്കുകയും കടന്നു കയറാൻ ശ്രമിച്ചുവെന്നുമാണ് റിപ്പോർട്ട്.