ദിലീപിനെതിരെ ചുമത്തിയ 120 ബി വല്യ ഊരാക്കുടുക്കല്ല 

0
327

ദിലീപിനെതിരെ നിലവില്‍ പോലീസ് ചുമത്തിയ 120 ബി കുറ്റം ചുമത്തിയ കേസുകള്‍ ജയിച്ച ചരിത്രം വളരെ കുറവാണെന്ന് നിയമവിദഗ്ധര്‍. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ തള്ളിക്കളയാനാവാത്ത തെളിവ് വിശ്വസനീയമാംവിധം ഹാജരാക്കുകയും പഴുതടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താലേ ദിലീപിനു ശിക്ഷ ഉറപ്പാക്കാനാകൂ. കോടതി വിധി തീര്‍പ്പാക്കുംവരെ ദിലീപിന്റെ പങ്കാളിത്തം ആരോപണവിധേയമായ സംഗതി മാത്രമാണു താനും. അതിനാല്‍ അന്വേഷണ സംഘവും പ്രോസിക്യൂഷനും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. അതേസമയം അഡ്വ.രാംകുമാറിനെ പോലുള്ള പ്രഗല്‍ഭരായ അഭിഭാഷകരാണ് ദിലീപിന് വേണ്ടി ഹാജരാകുന്നതെന്ന് അറിയുന്നു.

ദിലീപ് നായകവേഷത്തില്‍ തിമിര്‍ത്താടിയിരുന്ന സിനിമകള്‍ അത്രയും മലയാള ചലച്ചിത്ര സമൂഹത്തോട് അയാള്‍ നിരന്തരം നടത്തിക്കൊണ്ടിരുന്ന ലൈംഗികാതിക്രമങ്ങളായിരുന്നെന്ന ആരോപണവും ശക്തമാവുകയാണ്. ഓരോ വരിയിലും അധമത്വത്തിന്റെ അടിയൊപ്പു പതിപ്പിച്ച ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സ്ത്രീവിരുദ്ധതയും കുടുംബസദസ്സുകള്‍ക്ക് ആര്‍ത്തുചിരിക്കാനെന്ന വ്യാജേന വിളമ്പിയത് കണ്ടു കൈയടിച്ച ബാല്യങ്ങള്‍ അവയിലെ മിസോജനിയെക്കൂടിയാണ് ആന്തരികവത്കരിച്ചു വന്നത്. ദിലീപല്ലല്ലോ സംവിധായകരല്ലേ അതിന് അക്കൗണ്ടബിളാവേണ്ടത് എന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല. കാരണം നടനെന്ന നിലയില്‍ അദ്ദേഹത്തിനും ഉത്തരവാദിത്തങ്ങളുണ്ട്.

ദിലീപിന്റെ പടങ്ങള്‍ നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും മാത്രമല്ല, അതില്‍ അഭിനയിക്കുന്നവരും സഹകരിക്കുന്നവരും അടക്കമുള്ള മുഴുവന്‍ ആളുകളെയും തീരുമാനിക്കുന്നതും ദിലീപായിരുന്നു. മലയാള സിനിമാ വ്യവസായത്തെ മലീമസമാക്കിക്കൊണ്ടിരുന്ന ദിലീപ് അവസാനം സ്വയം കുഴിച്ച കുഴിയില്‍ വീഴുകയും ചെയ്തു. കോടതി ശിക്ഷിച്ചാലുമില്ലെങ്കിലും അറസ്റ്റിലായ കേസിലെ അയാളുടെ പങ്കാളിത്തം എന്തുതന്നെയായിരുന്നാലും ദിലീപ് നടത്തിപ്പോന്ന സാംസ്‌കാരിക കുറ്റകൃത്യത്തിന് ശിക്ഷ ലഭിച്ചുതുടങ്ങിയിരിക്കുന്നു.