ദിലീപിനെ സഹോദരനെപോലെ വിശ്വസിച്ചുപോയി ; മുകേഷ്

0
390

പള്‍സറിനെ പറഞ്ഞുവിട്ടത് ഓവര്‍സ്പീഡ് മൂലം ,  ആക്രമണത്തിന് ശേഷം  നടിയെ വിളിച്ചിരുന്നു 

നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റിൽ പ്രതികരണവുമായി നടനും എംഎൽഎയുമായ മുകേഷ് രംഗത്ത്. ദിലീപ് പറഞ്ഞത് സത്യമെന്നു കരുതി സഹോദരനെ പോലെ വിശ്വസിച്ചുപോയെന്ന് മുകേഷ് പറഞ്ഞു. ഒരു വർഷം തന്റെ ഡ്രൈവറായി പ്രവർത്തിച്ച പൾസർ സുനി ക്രിമിനല്‍  പശ്ചാത്തലമുള്ള ആളായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് മുകേഷ് എംഎൽഎ. അമ്മയുടെ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സുനി ക്രിമിനലാണെന്ന കാര്യം അറിയില്ലായിരുന്നു. അമിത വേഗതയിൽ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. സുനിയുമായി സൗഹാർദ്ദമായിട്ടാണ് പിരിഞ്ഞതെന്നും അയാളെക്കുറിച്ച് മറ്റൊന്നും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപെട്ട സംഭവം നടന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നടിയെ ഫോണിൽ വിളിച്ചിരുന്നു. അന്വേഷണത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന് ചോദിച്ചു. ഒരു പരാതിയും ഇല്ലെന്നാണ് നടി പറഞ്ഞത്. നടിയുടെ അമ്മയും അതുതന്നെയാണ് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു.

അമ്മയുടെ സമ്മേളനത്തിൽ സംഭവിച്ചതിന് ക്ഷമ ചോദിച്ചതാണ്. നിരവധി പ്രാവശ്യം ചോദിച്ച ചോദ്യങ്ങളാണ് അന്ന് വീണ്ടും പത്രപ്രവർത്തകർ ചോദിച്ചത്. തുടർന്ന് അൽപം ശബ്ദമുയർത്തി സംസാരിക്കുക മാത്രമാണ് ചെയ്തത്. അത് തന്റെ അപക്വമായ നിലപാടായിരുന്നു. അമ്മയുടെ ഭാരവാഹിത്വത്തിലില്ലാത്ത തനിക്ക് ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് പറയാൻ സാധിക്കില്ലെന്നും മുകേഷ് വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന് പങ്കുണ്ടെന്ന സത്യമറിഞ്ഞപ്പോൾ അമ്മ അതിനെ അപലപിക്കുകയും ശക്തമായ തീരുമാനമെടുക്കുകയും ചെയ്തു. ഈ സർക്കാർ ഒരു തരത്തിലും കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ഉച്ചയ്ക്കാണ് മുകേഷ് കണ്ണൂരിൽനിന്ന് കൊല്ലത്തെത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ    മുകേഷിനെ പാർട്ടി വിളിച്ചുവരുത്തുകയായിരുന്നു.