നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പ്രതിഷേധങ്ങള്‍ ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ ദിലീപിനു പിന്തുണയുമായി സംഘപരിവാര്‍ അനുകൂല ട്വീറ്റ്. ”ശംഖ് നാദ് കേരള” എന്ന സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടാണ് ദിലീപിനെ പിന്തുണയ്ക്കുന്ന ട്വീറ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദുവായ ദിലീപിനെ കുടുക്കാന്‍ മത-രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നും, ദിലീപിനെ കുടുക്കിയതാണെന്നുമാണു ഇവര്‍ ആരോപിക്കുന്നത്. കേരളത്തിലെ ചലച്ചിത്രമേഖല നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും അതുകൊണ്ട് ഹിന്ദുവായ നടന് ദിലീപിനെ ഈ കേസില്‍ കുടുക്കുമെന്നും ഇതേ ട്വീറ്റര്‍ ജൂണ്‍ 28-നു ട്വീറ്റ് ചെയ്തിരുന്നു.
ഈ ട്വീറ്റില്‍ വാദിയായ നടിയുടെ പേരും ഉണ്ടായിരുന്നു. ഈ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് റീ ട്വീറ്റ് ചെയ്തുകൊണ്ട്, തങ്ങളുടെ പ്രവചനം ശരിയായി എന്ന അവകാശവാദവുമായാണു ഇപ്പോള്‍ ദിലീപിനു പിന്തുണ അറിയിച്ചിരിക്കുന്നത്.
”ഇക്കഴിഞ്ഞ ജൂണ്‍ 28-നുതന്നെ മലയാളം നടന് ദിലീപിന്റെ അറസ്റ്റ് ഞങ്ങള്‍ പ്രവചിച്ചിരുന്നു. ബംഗാളിലും കേരളത്തിലും ഹിന്ദുവായ നടന്മാരെ കേസില്‍ കുടുക്കുകയാണു,” എന്നായിരുന്നു ട്വീറ്റ്.
സംഘടിതരായ കുറ്റവാളികളുടെ കൂട്ടായ്മയാണ് കേരള ചലച്ചിത്രമേഖലയെന്നും, ഈ കൂട്ടായ്മ ഹിന്ദുക്കളായ സെലിബ്രിറ്റികളെ ലക്ഷ്യം വെയ്ക്കാന്‍ കൊട്ടേഷന്‍ സംഘങ്ങള്‍ നടത്തുന്നുണ്ടെന്നും ശംഖ് നാദ് കേരള ആരോപിക്കുന്നു. ഹിന്ദുക്കളായ നടീനടന്മാര് രാജ്യമൊട്ടാകെ വ്യാജക്കേസുകളുടെ പേരില്‍ ആക്രമിക്കപ്പെടുകയാണെന്നും ആരോപിക്കുന്നുണ്ട്.
ട്വിറ്ററിലെ കമ്മ്യൂണിസ്റ്റ് അനുകൂല യൂസര്‍മാര്‍, ജിഷയുടെ ഘാതകനായ അമീറുല്‍ ഇസ്ലാമിനെ തൂക്കിക്കൊല്ലാന്‍ കാണിക്കാത്ത ഉത്സാഹം ദിലീപിന്റെ കാര്യത്തില്‍ കാണിക്കുന്നത് ഹിന്ദുവിരോധം കൊണ്ടാണെന്നും ശംഖ് നാദ് കേരള ട്വീറ്റുകളിലൂടെ സൂചിപ്പിക്കുന്നു.
”മതാധിഷ്ഠിത രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് ദിലീപെന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹത്തെ വേട്ടയാടാനുള്ള കഥകളുമായി പ്രെസ്റ്റിറ്റിയൂട്ടുകളും (മാധ്യമങ്ങള്‍ക്ക് സംഘപരിവാര്‍ നിഘണ്ടുവിലെ അസഭ്യ സൂചന- മാധ്യമവേശ്യ എന്നര്‍ത്ഥം) തയ്യാറായിരുന്നു,” ശംഖ് നാദ് കേരള ട്വീറ്റ് ചെയ്യുന്നു.
ബി.ജെ.പി ബൗദ്ധികകാര്യ വിഭാഗം തലവനായ ടി ജി മോഹന്‍ ദാസും ദിലീപിനെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 29-നാണു ടി ജി മോഹന്‍ദാസ് ദിലീപിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. പതിമൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്ത നടപടി മനുഷ്യാവകാശലംഘനമാണെന്നു കാണിച്ചാണു ഇദ്ദേഹം ദിലീപിനു പിന്തുണയറിയിച്ചിരുന്നത്.
ഇതിനിടെ ഈ ട്വീറ്റര്‍ ഇരയായ നടിയുടെ പേരു ഉപയോഗിച്ചതിനെതിരെ ബെഞ്ജിത് കിഴിശ്ശേരി എന്നയാള്‍ മുഖ്യമന്ത്രിയ്ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്.