ദിലീപ് ആലുവ ജയിലില്‍ ; പോലീസിന് കസ്റ്റഡിയില്‍ വിട്ടു നല്‍കിയില്ല  

0
144

ദിലീപിന്റെ റിമാന്‍ഡ്‌ 14 ദിവസത്തേക്ക് ; തെറ്റുചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് ദിലീപ് 

കൊച്ചിയിൽ യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ആറരയോടെയായിരുന്നു അറസ്റ്റ്. റിമാൻഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റി. കസ്റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ ആവശ്യം മജിസ്‌ട്രേറ്റ് തള്ളി. അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലർച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ലബിൽനിന്ന് ദിലീപിനെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്.

അതേസമയം, തെറ്റു ചെയ്യാത്തതിനാൽ ഭയമില്ലെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയിൽനിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവർത്തകരോട് ദിലീപ് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ വസതിയിൽനിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്. അതേസമയം, ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകനായ രാംകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതു നാളെ പരിഗണിക്കുമെന്നാണ് അഭിഭാഷക വൃത്തങ്ങളിൽനിന്നുള്ള സൂചന.

ദിലീപിനെക്കൂടാതെ, സംവിധായകനും നടനുമായ നാദിർഷ, ദിലീപിന്റെ സഹോദരൻ അനൂപ്, മാനേജർ അപ്പുണ്ണി എന്നിവരെ പൊലീസ് വീണ്ടും ചോദ്യംചെയ്തു. തിങ്കളാഴ്ച രാവിലെ മുതൽ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപ് അല്ലാതെ മറ്റാരും കസ്റ്റഡിയിൽ ഇല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൃത്യമായ തെളിവുകളോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും മറ്റുകാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.

ദേശീയതലത്തിൽത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തിൽ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയിൽ എടുത്ത ദിലീപിന്റെ അറസ്റ്റ് വൈകീട്ട് 6.30നാണ് രേഖപ്പെടുത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബപരമായ വിഷയത്തിൽ ഇടപെട്ടതും നടിയോടുള്ള വൈരാഗ്യത്തിന് കാരണമായെന്നാണ് വിവരം.