നാദിര്‍ഷാ പ്രതിയാകില്ല ; ദിലീപ് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍

0
3368

ഗൂഢാലോചനക്കുറ്റത്തില്‍ സംവിധായകന്‍ നാദിര്‍ഷാ പ്രതിയാവാന്‍ സാധ്യത ഇല്ല. പങ്കുള്ളതായി തെളിവു ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പൊലീസിന്റെ നിഗമനം ഇങ്ങനെ: മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ ദിലീപിന് താല്‍പര്യമില്ലായിരുന്നു. വിവാഹബന്ധം വേര്‍പെടുത്താനുള്ള ആത്മധൈര്യം മഞ്ജുവിനു നല്‍കിയതില്‍ മുഖ്യപങ്കുവഹിച്ചത് ഉപദ്രവിക്കപ്പെട്ട നടിയാണ്. ഒരിക്കല്‍ ദിലീപും കാമുകിയെന്നു കരുതപ്പെട്ട നടിയും ഒരുമിച്ചുള്ള സന്ദര്‍ഭത്തില്‍ ഈ വിവരം അറിഞ്ഞ മഞ്ജു ഫോണില്‍ വിളിച്ചു പൊട്ടിത്തെറിച്ചിരുന്നു. ഇതില്‍ നിന്നാണു കുടുംബകോടതിയിലെ കേസിന്റെ തുടക്കം.

രഹസ്യം മഞ്ജുവിനെ അറിയിച്ചതു ഉപദ്രവിക്കപ്പെട്ട നടിയാണെന്നു ദിലീപ് സംശയിച്ചു. ഇതോടെ അവര്‍ക്കു മലയാള സിനിമയിലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താനും തുടങ്ങി. ഏതാണ്ട് ഈ ഘട്ടത്തിലാണു ഇവരെ ഉപദ്രവിക്കാനുളള ക്വട്ടേഷന്‍ ദിലീപ് പള്‍സര്‍ സുനിക്കു നല്‍കുന്നത്. ഈ ഘട്ടത്തിലൊന്നും സംഭവത്തില്‍ നാദിര്‍ഷായുടെ സാന്നിധ്യമില്ല. എന്നാല്‍ ദിലീപിന്റെ വ്യക്തിപരമായ സ്വഭാവ വൈകല്യങ്ങളെ തള്ളിപ്പറയാന്‍ സുഹൃത്തായ നാദിര്‍ഷായ്ക്കു കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ചു ആദ്യ ചോദ്യം ചെയ്യല്‍ മുതല്‍ നാദിര്‍ഷാ നല്‍കിയ മൊഴികള്‍ വസ്തുതാപരമെന്നു അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടതോടെ സംശയ നിഴല്‍ ദിലീപില്‍ മാത്രമായി.

നടിയെ ഉപദ്രവിച്ച കേസിനു പിന്നിലെ ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതികളിലൊരാള്‍ കേസിലെ നിര്‍ണായക ‘മാപ്പുസാക്ഷി’ ആകും. ഗൂഢാലോചന സംബന്ധിച്ച കണ്ണികള്‍ കൂട്ടിയോജിപ്പിക്കാന്‍ പൊലീസ് ബുദ്ധിമുട്ടിയ ഘട്ടത്തില്‍ നിര്‍ണായക സൂചനകള്‍ നല്‍കിയത് ഈ പ്രതിയാണ്. ഇയാളുടെ പേരു വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായില്ല.

ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണ സംഘം ശേഖരിച്ചതു 40 പേരുടെ സാക്ഷിമൊഴികള്‍. ഇതില്‍ സിനിമാരംഗത്തെ 10 പേരും അടങ്ങുന്നു. എന്നാല്‍ നിര്‍ണായക മൊഴി നല്‍കിയ പലരും പ്രോസിക്യൂഷന്‍ സാക്ഷിയായി കോടതിയില്‍ ഹാജരാവാന്‍ വിസമ്മതിച്ചു. ഇവരില്‍ നേരിട്ടുള്ള സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലാത്തവരെ പൊലീസ് സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും. ദിലീപ് തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളാണു നിര്‍ണായക തെളിവുകളായി പൊലീസ് കുറ്റപത്രത്തിന്റെ ഭാഗമാക്കുക.

ഇന്നലെ കുറ്റം സമ്മതിക്കേണ്ടിവന്ന ഘട്ടത്തില്‍, തന്റെ വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ സംരക്ഷിക്കുന്ന മൊഴിയാണ് ദിലീപ് നല്‍കിയത്. തന്റെ ആദ്യവിവാഹ ബന്ധത്തിന്റെ തകര്‍ച്ചയ്ക്കു കാരണം അക്രമിക്കപ്പെട്ട നടിയാണെന്നും ഇതിലുള്ള വൈരാഗ്യമാണു ക്വട്ടേഷനിലേക്കു നയിച്ചതെന്നും ദിലീപ് പറഞ്ഞുവെന്നാണു സൂചന. എന്നാല്‍ പൊലീസ് ഇതു മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയതിലൂടെ ദിലീപിന് 62 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാവുമെന്നു മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ട്.