ഭീകരവാദം തടയാൻ മോഡിക്കായില്ല; കാശ്മീർ സൈന്യത്തിനെ ഏൽപ്പിക്കണം: തൊഗാഡിയ

0
141

ന്യൂഡൽഹി: കശ്മീരിലെ ഭീകരവാദത്തെ അമർച്ചചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ പരാജയമാണ് അമർനാഥ് തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്ന് വിഎച്ച്പി അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ. ജമ്മുകാശ്മീരിലെ മെഹബൂബ മുഫ്തി സർക്കാരിനെ പിരിച്ചുവിടണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

മൂന്നുവർഷത്തെ ഭരണം കൊണ്ട് ഭീകരവാദം ഇല്ലാതാക്കാൻ മോദിയുടെ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിന്റെ ഫലമാണ് ഈ ആക്രമണം. അമർനാഥ് യാത്രികർക്ക് സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിന് സാധിച്ചില്ല. ഇനിയും മെഹബൂബ സർക്കാരിന് പിന്തുണ നൽകാൻ എന്ത് പ്രേരണയാണ് ഉള്ളത്. മെഹബൂബയെ പുറത്താക്കണം, കശ്മീരിനെ സൈന്യത്തിന് വിട്ടുനൽകണം. തൊഗാഡിയ ആവശ്യപ്പെട്ടു.

ഭീകരരേയും അവരെ പിന്തുണയ്ക്കുന്നവരെയും നേരിടാൻ കശ്മീർ, സൈന്യത്തിന് പൂർണമായി കൈമാറണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നും അമർനാഥ് തീർഥയാത്ര സുരക്ഷിതമായി നടത്താനാവില്ലെന്നും ആക്രമണത്തോടെ തെളിഞ്ഞെന്നും പത്രസമ്മേളനത്തിൽ തൊഗാഡിയ പറഞ്ഞു. വെടിയുണ്ടകളും ബോംബുകളും പ്രയോഗിക്കാൻ സൈന്യത്തിന് അനുമതി നൽകണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.