ശാസ്ത്രി ഇന്ത്യന്‍ കോച്ച്

0
85

ഇന്ത്യയുടെ പുതിയ പരിശീലകനായി ബി.സി.സി.ഐയുടെ ഉപദേശക സമിതി മുൻ ഇന്ത്യൻ താരവും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രിയെ തിരഞ്ഞെടുത്തു. അടുത്ത ഏകദിന ലോകകപ്പ് വരെ രവി ശാസ്ത്രി ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കും.മുംബൈയിൽ നടന്ന അഭിമുഖത്തിന് ശേഷം സച്ചിൻ തെണ്ടുൽക്കറും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണുമടങ്ങുന്ന ഉപദേശക സമിതി രവി ശാസ്ത്രിയുടെ പേര് മുന്നോട്ടുവെക്കുകയായിരുന്നു. തുടർന്ന് ഉപദേശക സമിതിയുടെ തീരുമാനം ശരിവെച്ച ബി.സി.സി.ഐ ഇക്കാര്യം ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു.

ശ്രീലങ്കൻ പര്യടനത്തിലായിരിക്കും ശാസ്ത്രിയുടെ പരിശീലനത്തിന് കീഴിൽ ഇന്ത്യ ആദ്യം കളിക്കാനിറങ്ങുക. അഭിമുഖത്തിന് മുംബൈയിൽ എത്താതിരുന്ന രവി ശാസ്ത്രി സ്‌കൈപിലൂടെയാണ് ഉപദേശക സമിതിയുമായി സംസാരിച്ചത്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ലണ്ടനിൽ തന്നെ തങ്ങിയ ശാസ്ത്രി അതിന് ശേഷം ഇന്ത്യയിലേക്ക് വന്നിട്ടില്ല. അഭിമുഖം ഏകദേശം രണ്ട് മണിക്കൂർ നീണ്ടു നിന്നു.

പത്ത് പേർ നൽകിയ അപേക്ഷയിൽ നിന്നാണ് രവി ശാസ്ത്രിക്ക് നറുക്ക് വീണത്. രവി ശാസ്ത്രിയെ കൂടാതെ വീരേന്ദർ സെവാഗ്, ദൊഡ്ഡ ഗണേഷ്, ലാൽചന്ദ് രജ്പുത്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ടോം മൂഡി, ഇംഗ്ലീഷുകാരനായ റിച്ചാർഡ് പൈബസ്, ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ലാൻസ് ക്ലൂസ്നർ, ഒമാൻ ക്രിക്കറ്റ് കോച്ച് രാകേഷ് ശർമ, വിൻഡീസ് താരവും പരിശീലകനുമായിരുന്ന ഫിൽ സിമ്മൺസ്, ക്രിക്കറ്റ് രംഗവുമായി നേരിട്ട് ബന്ധമില്ലാത്ത ഉപേന്ദ്രനാഥ് ബ്രഹ്മചാരി എന്നിവരാണ് അപേക്ഷ നൽകിയിരുന്നത്. ഇതിൽ ശാസ്ത്രി, സെവാഗ്, ടോം മൂഡി, പൈബസ്, രജപുത് എന്നിവരെ മാത്രമേ അഭിമുഖത്തിന് പരിഗണിച്ചുള്ളൂ എന്നാണ് സൂചന. മുംബൈയിലെ വാംഖെഡെ സ്റ്റേഡിയത്തിലായിരുന്നു അഭിമുഖം.

പരിശീലകനായിരുന്ന അനിൽ കുംബ്ലെ കഴിഞ്ഞമാസം സ്ഥാനത്തുനിന്ന് രാജിവെച്ചതോടെയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കേണ്ടി വന്നത്. ജൂൺ 26-ന് കുംബ്ലെയുടെ കാലാവധി തീരാനിരിക്കുകയായിരുന്നു. കുബ്ലെയുടെ രാജിക്കുമുമ്പുതന്നെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും രാജിക്കുശേഷം അപേക്ഷ നൽകാനുള്ള സമയം നീട്ടിനൽകി. അതോടെയാണ് രവിശാസ്ത്രി വീണ്ടും രംഗത്തെത്തിയത്. 2014-ൽ ഇന്ത്യൻ ടീം ഡയറക്ടറായി നിയമിതനായ ശാസ്ത്രി രണ്ടുവർഷം ഈ സ്ഥാനത്ത് തുടർന്നു.

2016-ൽ കുംബ്ലെയുടെ വരവോടെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ടീം ഡയക്ടറെന്ന നിലയിൽ എട്ട് ടെസ്റ്റിലും 16 ഏകദിനങ്ങളിലും 20 ടിട്വൻിയിലുമാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നത്. എട്ട് ടെസ്റ്റിൽ അഞ്ചെണ്ണത്തിൽ വിജയിച്ചപ്പോൾ ഒരെണ്ണത്തിൽ തോൽക്കുകയും രണ്ടെണ്ണം സമനിലയിലാകുകയും ചെയ്തു. ഏകദിനത്തിൽ 16 എണ്ണത്തിൽ ഏഴെണ്ണത്തിലാണ് വിജയിച്ചത്. ടിട്വന്റിയിൽ 14 വിജയവും ആറു തോൽവിയും രവി ശാസ്ത്രിയുടെ അക്കൗണ്ടിലുണ്ട്.