ശാസ്ത്രി തന്നെ കോച്ച്; സഹീർ ഖാൻ ബോളിങ് പരിശീലകൻ

0
123

അവസാന പരിഗണനയില്‍  വന്നത് ശാസ്ത്രിയും സേവാഗും

ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഇന്ത്യയുടെ മുന്‍ ടെസ്റ്റ്, ഏകദിന ഓള്‍റൗണ്ടര്‍ രവി ശാസ്ത്രിയും ബോളിങ് പരിശീലകനായി മുന്‍ബൗളര്‍ സഹീര്‍ ഖാനെയും നിയമിച്ചുവെന്ന് ബിസിസിഐ. വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം രണ്ടു വര്‍ഷത്തേക്കാണ് ഇരുവരുടെയും നിയമനമെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന അറിയിച്ചു.

രവിശാസ്ത്രിയെ നിയമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ നേരത്തെ നിഷേധിച്ചിരുന്നു. അഭിമുഖത്തിനു ക്ഷണിച്ച ആറുപേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐ വിദഗ്ധ സമിതി രവി ശാസ്ത്രിയെ തിരഞ്ഞടുത്തത്. 2014-2016 കാലഘട്ടത്തില്‍ ടീം ഇന്ത്യയുടെ മാനേജറായിരുന്നു രവി ശാസ്ത്രി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ടീം ഇന്ത്യ പുതിയ പരിശീലകനെ തേടിയത്.

തിങ്കളാഴ്ചയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരുടെ അഭിമുഖം നടന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലുമായി സംസാരിച്ചിട്ടേ പരിശീലകനെ തീരുമാനിക്കൂവെന്ന് ഗാംഗുലി പറഞ്ഞിരുന്നുവെങ്കിലും ബിസിസിഐ ഇതു പിന്നീടു തിരുത്തുകയായിരുന്നു. രവിശാസ്ത്രിയും വീരേന്ദ്ര സേവാഗും തമ്മിലായിരുന്നു അവസാന ഘട്ടത്തില്‍ കടുത്ത മല്‍സരമുണ്ടായിരുന്നത്. എന്നാല്‍, കോഹ്‌ലിയുടെ പിന്തുണ ശാസ്ത്രിയ്ക്കായതിനാല്‍ അദ്ദേഹത്തിന് സാധ്യത തെളിയുകയായിരുന്നു. 2014ല്‍ ആണ് സഹീര്‍ ഖാന്‍ അവസാനമായി രാജ്യന്തര മല്‍സരം കളിച്ചത്. ഇന്ത്യന്‍ നിരയിലെ എക്കാലത്തെയും മികച്ച സ്വിങ് ബോളര്‍മാരില്‍ ഒരാളാണ് സഹീര്‍.