സിനിമാ താരങ്ങൾക്ക് ഇടത് സ്ഥാനാർഥി നിർണ്ണയത്തിൽ ഇനി വിലക്ക് വരും

0
2237

നഷ്ടമായത് ഇടത് മുന്നണിയുടെ വലിയ പൊളിറ്റിക്കൽ മൈലേജ്

by മനോജ്


തിരുവനന്തപുരം: ഇടത് മുന്നണിക്ക് വലിയ രാഷ്ട്രീയ മൈലേജ് ലഭിച്ച ദിലീപ് അറസ്റ്റിലായ കേസിൽ  ഒരു ആഘോഷത്തിനും  കഴിയാതെ ഇടത് മുന്നണി ധർമ്മസങ്കടത്തിൽ. മൂന്നു പ്രമുഖ  ഇടത് മുന്നണി ജനപ്രതിനിധികൾ ഇന്നസെന്റ് എംപി, മുകേഷ് എംഎൽഎ, കെ.ബി.ഗണേഷ്‌കുമാർ എംഎൽഎ എന്നിവരാണ് ഇടത് മുന്നണിയുടെ വലിയ രാഷ്ട്രീയ മുന്നേറ്റം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുത്തിക്കളഞ്ഞത്.

രാഷ്ട്രീയമായി ഒരു വലിയ പ്രചാരണത്തിനു   ഇടതു മുന്നണിയെ പ്രാപ്തമാക്കുന്ന ഒരു നീക്കമാണ് ദിലീപിന്റെ അറസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്. സർക്കാരിന്റെ പ്രതിച്ഛായയും അറസ്റ്റ് വഴി കുത്തനെ ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇമേജ്.  പക്ഷെ നിലവിലെ അവസ്ഥ രാഷ്ടീയമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാരും ഇടത് മുന്നണിയും.

ഇടത് മുന്നണിക്കും സിപിഎമ്മിനും ആഘോഷിക്കാവുന്ന ഈ മുന്നേറ്റ നിമിഷങ്ങളിൽ സംസ്ഥാനത്ത് ഇടത് ജനപ്രതിനിധികൾ ആയ ഇന്നസെന്റിനും, മുകേഷിനും, ഗണേഷ് കുമാറിനും എതിരെ ജനപ്രക്ഷോഭം ഉയരുകയാണ്. ഇന്നസെന്റിന്റെ വീട്ടിലേക്ക് വരെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. മുകേഷിന്റെയും, ഗണേഷ്‌കുമാറിനും എതിരായും ശക്തമായ വികാരമാണ് കേരളത്തിൽ ഉള്ളത്.രാഷ്ട്രീയ സിംഹങ്ങൾ ഇവർക്കെതിരെ ഗർജ്ജനം തുടരുകയുമാണ്.

ആഘോഷ നിമിഷങ്ങളിൽ അതിനു മുതിരാൻ കഴിയാതെ ഈ ഇടത് ജനപ്രതിനിധികൾക്ക് പ്രതിരോധം തീർക്കേണ്ട അവസ്ഥയാണ് സർക്കാരും ഇടതു മുന്നണിയും നേരിടുന്നത്. ഇടത് മുന്നണിക്ക് ലഭിച്ച ഈ രാഷ്ട്രീയ മുന്നേറ്റം അപക്വമായ പെരുമാറ്റം വഴി ഈ മൂന്നു പേരും തീർത്തും നഷ്ടമാക്കി. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പങ്ക് വിവാദമായി നിൽക്കവേ താര സംഘടന അമ്മയുടെ മീറ്റിങ്ങിനു ഒടുവിലാണ് ഇവർ മാധ്യമങ്ങളോട്  തട്ടിക്കയറിയത്.

മാധ്യമങ്ങൾക്കെതിരെ ശക്തമായ വിമർശനമാണ് അമ്മയുടെ മീറ്റിംഗിനോടുവിൽ ഇവർ  ഉയർത്തിയത്. ജനപ്രതിനിധികൾ എന്ന ലേബൽ മറന്നു ദിലീപിന്റെ സുഹൃത്തുക്കൾ എന്ന രീതിയിൽ ഇവർ പരസ്യമായി ദിലീപിനെ   വെള്ള പൂശുകയും, കാരണങ്ങൾ മാധ്യമങ്ങൾ എന്ന നിലപാട് പരസ്യമായി ഇവർ കൈക്കൊള്ളുകയും ചെയ്തു.

കേരളത്തിൽ ഇരമ്പിയാർത്ത ഇവരോടുള്ള പ്രതിഷേധം തിരിച്ചറിഞ്ഞു ശക്തമായ സമീപനമാണ് പിന്നീട് ഈ കാര്യത്തിൽ സിപിഎം പുലർത്തിയത്. ഇന്നസെന്റ്   പാർട്ടിയോട് മാപ്പ് പറഞ്ഞു തലയൂരി. മുകേഷിനെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയെറ്റ് തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി വരെ മുകേഷിനെ വിളിച്ചു താക്കീത് ചെയ്തു. ഗണേഷ്‌കുമാറിന്റെ നിലപാടിലും സിപിഎം കടുത്ത  അതൃപ്തിയാണ് രേഖപ്പെടുത്തിയത്.

മാധ്യമങ്ങളുടെ നേരെ ഈ മൂവർ സംഘം കൊമ്പ് കൊർക്കാതിരുന്നെങ്കിൽ ഈ പൊളിറ്റിക്കൽ മൈലേജ് അതേപടി ഇടത് മുന്നണിക്കും സർക്കാരിനും ലഭിക്കുമായിരുന്നു. പോലീസ് ദിലീപിനെ അറസ്റ്റ്  ചെയ്തതോടെ നിലയില്ലാക്കയത്തിലേക്ക് ചാടേണ്ടിവന്ന ഇവർ   ഇടതു മുന്നണിയെയും സർക്കാരിനെയുംകൂടി  ഒപ്പം കൂട്ടി. ഫലമോ ദിലീപിന്റെ അറസ്റ്റിൽ തുപ്പാനും ഇറക്കാനും കഴിയാത്ത അവസ്ഥയിലായി സിപിഎമ്മും സർക്കാരും

ഒപ്പം ഇടത് മുന്നണിയും. ഗണേഷ് കുമാറിനെ മാറ്റി നിർത്തിയാൽ ഇന്നസെന്റ്, മുകേഷ് എന്നിവരെ സ്ഥാനാർഥിയാക്കിയത് ഇടത് മുന്നണിക്ക് പറ്റിയ തെറ്റ് എന്ന വിലയിരുത്തൽ ഇപ്പോൾ ഇടത് കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വന്നിരിക്കുന്നു. വിറകു വെട്ടിയും, വെള്ളം കോരിയും പതിറ്റാണ്ടുകളായി  ജനമനസുകളിൽ സ്ഥാനമുണ്ടാക്കിയ സിപിഎമ്മിന്റെ ജനപ്രിയ നേതാക്കൾ സമീപത്ത് നിൽക്കെയാണ് അവരെ തഴഞ്ഞു കൊല്ലത്ത് മുകേഷിനെ നിയമസഭാ സ്ഥാനാർഥിയാക്കിയത്. ചാലക്കുടിയിലും ഇതേ രീതിയിലാണ് പാർലമെന്റ് സ്ഥാനാർഥിയായി ഇന്നസെന്റും കടന്നു വന്നത്.

പക്ഷെ ഇടത് മുന്നണിയുടെ ബാനറിലെ ജന പ്രതിനിധികളായ ഇവർ ചെയ്തതോ, കേരളം ആരാധനയോടെ കണ്ട ഒരു പ്രമുഖ നടിയെ കാറിലിട്ടു ഒരു ഗുണ്ട മൃഗീയമായി പീഡിപ്പിച്ചപ്പോൾ  അതിൽ ആരോപണ വിധേയനായ  ദിലീപിനെ പരസ്യമായി ന്യായീകരിച്ചു. അതുവഴി കേരളത്തിലെ ഇടത് മുന്നണിയുടെ ഇമേജിന് അപകീർത്തിയുണ്ടാക്കി.

സിനിമാ രംഗത്ത് നിന്ന് ഒന്നും അറിയാതെ കടന്നു വന്ന ആളുകൾ ഉണ്ടാക്കുന്ന പൊല്ലാപ്പ് ഇനി എന്തിനു ഏറ്റെടുക്കണം എന്ന കാര്യത്തിൽ ഇടത് മുന്നണിയിൽ തന്നെ രണ്ടഭിപ്രായം വന്നു കഴിഞ്ഞിട്ടുണ്ട്. ഇനി എന്തായാലും സിനിമാ രംഗത്ത് നിന്ന് ഇടത് മുന്നണിയും പ്രത്യേകിച്ച് സിപിഎമ്മും സ്ഥാനാർഥി നിർണ്ണയം ചെയ്യാൻ സാധ്യത കുറവാകുന്നു.

അടുത്ത വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽചാലക്കുടിയിലെ  ഇന്നസെന്റ് എന്ന ഷുവർ സ്ഥാനാർഥിയുടെ കാര്യവും സംശയാസ്പദമായ അവസ്ഥയിലാണ്. ദിലീപിന്റെ കാര്യത്തിൽ ഇന്നസെന്റ് വിഡ്ഢി വേഷം കെട്ടുന്നതും കേരളം കണ്ടു. ഇനി ഇന്നസെന്റ് ചാലക്കുടിയിൽ എംപിയായി മത്സരിച്ചാൽ സ്ത്രീകളും, പെൺകുട്ടികളും വോട്ടു ചെയ്യും എന്ന് ഒരുറപ്പും ഇല്ലെന്നും ചാലക്കുടിയിൽ നിന്ന് തന്നെ വാർത്തകൾ എത്തിക്കഴിഞ്ഞിട്ടുണ്ട്.

ഒരു പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ക്വട്ടേഷൻ നൽകിയ നടൻ എന്ന പേരിലുള്ള ഒരു മൂന്നാംകിട ഗുണ്ടയെ സംരക്ഷിക്കാൻ ആണ് ഇടത് മുന്നണിയുടെ മൂന്നു പ്രധാന ജനപ്രതിനിധികൾ  പരസ്യമായി ശ്രമിച്ചത് എന്ന കാര്യം ആര് മറന്നാലും ജനം മറക്കില്ല.

ദിലീപ് നടൻ എന്ന നിലയിൽ നിന്ന് വെറും ഒരു മൂന്നാം കിട ഗുണ്ടയായി തരംതാഴ്ന്നത് തിരിച്ചറിയാൻ പോലും ആകാത്ത ജനപ്രതിനിധികളോ എന്ന ചോദ്യം ജനം എറിഞ്ഞാൽ ഇടത് മുന്നണി എന്ത് മറുപടി പറയും. ഇടത് മുന്നണിയും സിപിഎമ്മും അനുഭവത്തിൽ നിന്ന് പാഠങ്ങൾ പഠിക്കുകയാണ്.