സ്‌കോട്ട്‌ലന്റ് യാർഡിനു തുല്യമായ അന്വേഷണ രീതി; ബുദ്ധികേന്ദ്രം ദിനേന്ദ്ര കാശ്യപ്

0
11349

സുനിയുടെ ഫോൺ സംഭാഷണങ്ങൾ, പുറത്ത് വന്ന ലെറ്റർ,
അമ്മയ്ക്ക് വന്ന സഹായങ്ങൾ എല്ലാം നിരീക്ഷിച്ച് പോലീസ്

by സ്വന്തം ലേഖകന്‍


നടിക്കെതിരെ നടന്ന ആക്രമണ-ഗൂഢാലോചനകേസിൽ പൾസർ സുനിയെപ്പോലുള്ള ഒരു ക്രിമിനലിന് തുല്യമായ ശിക്ഷയ്ക്ക് ദിലീപിനെ അർഹനാക്കുന്നത് ദിനേന്ദ്ര കാശ്യപ് എന്ന ഒരൊറ്റ ക്രൈംബ്രാഞ്ച് ഐജി. കുറ്റാന്വേഷണം നടത്തുമ്പോൾ അത് സ്‌കോട്ട്ലന്റ് യാർഡിനെപ്പോലെ അന്വേഷിക്കണം. എന്നാണു പഴമൊഴി. ഇപ്പോൾ അത് തിരുത്തപ്പെടുന്നു. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കാശ്യപിന്റെ രീതിയിലും അന്വേഷിച്ചാൽ മതി. കേരളാ പോലീസിന്റെ അഭിമാനം ആകാശത്തോളമുയർത്തി ദിലീപിന് വിലങ്ങു വെപ്പിക്കാൻ കാരണമായത് ദിനേന്ദ്ര കാശ്യപിന്റെ സ്വതസിദ്ധമായ അന്വേഷണ രീതിയാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തന്നെ താര സംഘടനയായ അമ്മയുടെ ഹിതത്തിനു എതിരായി ആക്രമണക്കേസിലെ ഗൂഢാലോചന പൊന്തി വന്നിരുന്നു. അത് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ അന്വേഷണ സംഘത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടത് ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കാശ്യപ് ആയിരുന്നു. അമ്മയുടെ ഹിതത്തിനു എതിരായി ഗൂഢാലോചന സിദ്ധാന്തം പൊന്തി വരുകയും, നടിയ്ക്ക് നേരെയുള്ള ആക്രമണത്തിനു ശേഷം രൂപീകരിച്ച വനിതാ സിനിമാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ് മുഖ്യമന്ത്രിയെ കണ്ടു ആക്രമണ ഗൂഢാലോചന അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടതോടെ ദിലീപിന് എതിരായ കുരുക്ക് മുറുകുകയായിരുന്നു.

ഗൂഢാലോചന അന്വേഷിക്കാൻ ഉള്ള ഗ്രീൻ സിഗ്നൽ ലഭിച്ചതോടെ തന്റെതായ അന്വേഷണ രീതിയിലാണ് ദിനേന്ദ്ര കാശ്യപ് മുന്നോട്ട് പോയത്. നടൻ സിദ്ധിക്ക് ആലുവ പോലീസ് ക്ലബിൽ പറഞ്ഞ പോലെ ഒരു ക്രൈം നടന്നു. പ്രതി അകത്തുണ്ട്. അയാളെ ശിക്ഷിച്ചാൽ പോരേ. അത് മതി എന്ന തീരുമാനം പോലീസ് കൈക്കൊണ്ടതുപോലെ സാഹചര്യങ്ങൾ ദിനേന്ദ്ര കാശ്യപ് ആദ്യമേ സൃഷിച്ചു. തനിക്ക് ചുറ്റുമുള്ള കുരുക്ക് മുറുകുന്നത് അറിയാതെ ജയിലിൽ പൾസർ സുനിയുടെ നീക്കങ്ങൾ എല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ടായിരുന്നു. സുനിയുടെ സംസാരങ്ങൾ, ആവശ്യത്തിനു വിളിക്കാനുള്ള ഫോൺ എത്തിക്കൽ തുടങ്ങി സുനിയുടെ ചുറ്റും ദിനേന്ദ്ര കാശ്യപ് കറങ്ങിക്കൊണ്ടിരുന്നു.

സുനിയുടെ ഫോൺ സംഭാഷണങ്ങൾ, പുറത്ത് വന്ന ലെറ്റർ, പൾസർ സുനിയുടെ അമ്മയ്ക്ക് വന്ന സഹായങ്ങൾ എല്ലാത്തിനും ദിനേന്ദ്ര കാശ്യപിന്റെ നിരീക്ഷണങ്ങൾ എത്തിക്കൊണ്ടിരുന്നു. ഗൂഢാലോചനയിലേക്ക് അന്വേഷണം നീങ്ങില്ലാ എന്ന് കരുതി പൾസർ സുനി ഒരു മുൻകരുതലും എടുത്തില്ല. കുടുങ്ങിയത് കുടുങ്ങി. ദിലീപിൽ നിന്ന് എങ്ങിനെയും കാശ് വാങ്ങുക ഇതായിരുന്നു പൾസറിന്റെ ലക്ഷ്യം. ഈ ലക്ഷ്യം മുന്നിൽ വെച്ച് നീങ്ങിയ സുനി കാശ്യപിന്റെ വലയിൽ മുഴുവനായി തന്നെ കയറിയിരുന്നു. മേലധികാരിയായി മേൽനോട്ടത്തിനു എഡിജിപി സന്ധ്യ ഉണ്ടായിരുന്നെങ്കിലും അന്വേഷണം തന്റെതായ രീതിയിലാണ് ദിനേന്ദ്ര കാശ്യപ് നീക്കിയത്.

സന്ധ്യ തന്റെതായ രീതിയിൽ ഒറ്റയ്ക്ക് ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്യുമ്പോഴും ദിലീപിന് എതിരായ ഒരു തെളിവും സന്ധ്യയുടെ കയ്യിൽ ഉണ്ടായിരുന്നില്ല. മുൻ പോലീസ് മേധാവി സെൻകുമാർ പിന്നീട് പബ്ലിസിറ്റി സ്റ്റെണ്ട് എന്ന് ആക്ഷേപിച്ച ആ ചോദ്യം ചെയ്യൽ സമയത്ത് ദിലീപിന് എതിരായ ഒരു തെളിവും സന്ധ്യയുടെ കയ്യിൽ ഉണ്ടായിരുന്നില്ല. തെളിവുകൾ കോർത്തിണക്കിയത് അന്വേഷണ സംഘം തലവൻ ആയിരുന്ന ദിനേന്ദ്ര കാശ്യപ് ആയിരുന്നു. കാശ്യപ് ചോദ്യം ചെയ്യലിന് ഒപ്പം ഉണ്ടായിരുന്നുമില്ല. ഇതിൽ കുപിതനായാണ് അന്വേഷണ സംഘം തലവൻ അറിയാതെ മേൽനോട്ടം നടത്തുന്ന എഡിജിപി ബി.സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ടതില്ലാ എന്ന് അന്നത്തെ പോലീസ് മേധാവി ടി.പി.സെൻകുമാർ സർക്കുലർ ഇറക്കിയത്.അന്നും നിശബ്ദനായിരുന്നു തന്റെ ജോലി ചെയ്യുകയായിരുന്നു ദിനേന്ദ്ര കാശ്യപ്. അന്ന് ചോദ്യം ചെയ്യലിൽ ദിനേന്ദ്ര കാശ്യപ് കൂടി ഉണ്ടായിരുന്നെങ്കിൽ ആ പതിമൂന്നു മണിക്കൂറിൽ തന്നെ ദിലീപ് കുടുങ്ങുമായിരുന്നു എന്ന് വിശ്വസിക്കാനാണ് ഉന്നത പോലീസ് മേധാവികൾ ഇഷ്ടപ്പെടുന്നത്.

ദിലീപ് കുടുങ്ങിയതിനു പ്രധാന കാരണം തനിക്ക് പൾസർ സുനിയേ അറിയില്ലാ എന്ന് തുറന്നു പറഞ്ഞതാണ്. സുനിയും ദിലീപും ഒപ്പം ഉള്ള ഷൂട്ടിംഗ് ലൊക്കേഷൻ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നതിനാൽ ദിലീപ് കുരുക്കിൽ നിന്നും കുരുക്കിലേക്ക് നീങ്ങി. ദിലീപ് കുരുങ്ങിയ പൾസർ സുനിയുടെ ഫോൺ സംഭാഷണത്തിനു പിന്നിലും, ലഭിച്ച സ്വാതന്ത്ര്യത്തിനു പിന്നിലും, സുനി എഴുതിച്ച കത്തിന്റെ പിന്നിലും അദൃശ്യ സാന്നിധ്യമായി ഉണ്ടായിരുന്നത് ദിനേന്ദ്ര കാശ്യപ് എന്ന മിടുക്കൻ പോലീസ് ഓഫിസർ ആയിരുന്നു, ക്രൈംബ്രാഞ്ച് ഐജിയായിരുന്നു. ഈ ഐജിയെ ഒപ്പം കൂട്ടാതെ ഒരിഞ്ച് പോലും അന്വേഷണം നീക്കാൻ എഡിജിപി സന്ധ്യയ്ക്ക് കഴിയില്ലാ എന്ന് വ്യക്തമായതിനാലാണ് മുൻ പോലീസ് മേധാവി സെൻകുമാർ സർക്കുലർ ഇറക്കിയത്.

ദിലീപിന് ഞാൻ ഒരിക്കലും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. പോലീസ് മേധാവി എന്ന നിലയിൽ തെളിവ് ഇല്ലാതെ ഒരു സെലിബ്രിറ്റിയെ പിടിച്ച് 13 മണിക്കൂർ ചോദ്യം ചെയ്തത് ആണ് ഞാൻ എതിർത്തത്. അല്ലെങ്കിൽ ആ ചോദ്യം ചെയ്യലിന് ദിനേന്ദ്ര കാശ്യപ് ഒപ്പം വേണമായിരുന്നു. മേൽ നോട്ടക്കാർ അല്ല അന്വേഷണം മുന്നോട്ട് നീക്കേണ്ടത്. അന്വേഷണ സംഘം തലവൻ ആണ്. വിവാദ സമയത്ത് മുൻ പോലീസ് മേധാവി സെൻകുമാർ 24 കേരളയോട് പ്രതികരിച്ചിരുന്നു.ചോദ്യം ചെയ്യലിന് മുൻപ് തെളിവ് ശേഖരിക്കണം. ഇത്തരം ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തലവൻ ഒപ്പം കാണണം. ഇത് രണ്ടും ആ സമയത്ത് ഉണ്ടായിരുന്നില്ല. ഇതാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. സെൻകുമാർ പറയുന്നു. ഇപ്പോൾ ദിലീപ് ചൂണ്ടയിൽ കുരുങ്ങിയിരിക്കുന്നു.

മുഖ്യപ്രതി പൾസർ സുനി പറഞ്ഞ പോലെ വൻ ശ്രാവുകളിൽ ഒന്ന് കുരുങ്ങിയിരിക്കുന്നു. വൻ സ്രാവുകൾ എന്നാണു പൾസർ പറഞ്ഞത്. വൻ സ്രാവുകൾ ഇനിയും കുടുങ്ങാനുണ്ട്. ദിലീപിനെ കുരുക്കിയ ദിനേന്ദ്ര കാശ്യപ് ഇനി ഈ സ്രാവുകളെയും ഒപ്പം കുരുക്കും. ദിനേന്ദ്ര കാശ്യപ് ഇന്ത്യൻ പോലീസ് സേനയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുന്നു. ഒരിക്കലും തെളിയില്ലാ എന്ന് കേരളം കരുതിയിരിക്കെയാണ് ദിനേന്ദ്ര കാശ്യപ് അതി രഹസ്യമായി തെളിവുകൾ കോർത്തിണക്കുകയും ദിലീപിനെ അതി വിദഗ്ദമായി കുരുക്കുകയും ചെയ്തത്. ഈ അറസ്റ്റിന്റെ ക്രഡിറ്റ് ദിനേന്ദ്ര കാശ്യപിന് കേരളം നൽകുക തന്നെ വേണം. ഇത്തരം ഉദ്യോഗസ്തർ ആണ് കേരളത്തിനു നിലവിലെ സാഹചര്യത്തിൽ ആവശ്യവും. ഇനി ദിലീപിനെ സംബന്ധിച്ചിടത്തോളം അഗ്നി പരീക്ഷയുടെ നാളുകൾ ആണ്. പക്ഷെ അതിനുമപ്പുറം കേരളാ പോലീസിൽ നിന്നും നീതി തേടിയ ഒരു നടിക്ക്, യുവതിക്ക് നീതി ലഭ്യമായിരിക്കുന്നു. അതിന്റെ പിറകിൽ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കാശ്യപ് ഉണ്ട്. അത് നമുക്ക് മറക്കാതിരിക്കാം.