17 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് നടത്തുമെന്ന് നഴ്സുമാര്‍

0
107

വേതന വർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ ഈമാസം 17 മുതൽ സമ്പൂർണ പണിമുടക്ക് തുടങ്ങുമെന്ന് നഴ്സുമാർ. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നൽകാൻ തയ്യാറാകുന്ന മാനേജ്മെന്റുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കുമെന്ന് സംഘടന വ്യക്തമാക്കി.

17 മുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. സർക്കാർ പ്രഖ്യാപിച്ച ശമ്പള വർധനവിലെ പൊള്ളത്തരങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള മാർഗങ്ങൾ അടിയന്തരമായി തീരുമാനിക്കാനും സംസ്ഥാന കമ്മിറ്റിയിൽ തീരുമാനമായി. 13 ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും.

ജൂൺ 28 നാണ് വേതന വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ യു.എൻ.എയുടെയും ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ രണ്ടായി സമരം തുടങ്ങിയത്. തുടർന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷനുമായും സർക്കാർ തലത്തിലും ചർച്ച നടത്തിയെങ്കിലും തൃപ്തികരമായ തീരുമാനമുണ്ടാകാത്തതിനാൽ ഇന്നുമുതൽ സമരം ശക്തമാക്കിയിരുന്നു.

മൂന്നിലൊന്നു ഭാഗം നഴ്സുമാരും ഇന്ന് അവധിയെടുത്ത് സമരത്തിനെത്തിയത് ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കി. രണ്ടാഴ്ചയായി തുടരുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ന് മാർച്ചും നടത്തിയിരുന്നു. 25000 ത്തോളം നഴ്സുമാരാണ് മാർച്ചിൽ പങ്കെടുത്തത്.തിങ്കളാഴ്ച നടന്ന സർക്കാർ തല ചർച്ചയിൽ കുറഞ്ഞ വേതനം 17,200 ആക്കി പുനർനിശ്ചയിച്ചെങ്കിലും തൃപ്തികരമല്ലെന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്.