ഏഷ്യന്‍ അത്‌ലറ്റിക്സ്: സ്വര്‍ണം നേടിയവര്‍ക്ക് സര്‍ക്കാര്‍ വക 10 ലക്ഷം

0
119

ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളികളായ താരങ്ങള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

സ്വര്‍ണം നേടിയവര്‍ക്ക് പത്ത് ലക്ഷം രൂപയും വെള്ളി നേടിയവര്‍ക്ക് ഏഴ് ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പാരിതോഷികമായി ലഭിക്കും.

ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നേടിയ മെഡലുകളില്‍ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവും മലയാളി താരങ്ങളുടെ സംഭാവനയിരുന്നു. കൂടാതെ 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ പുരുഷ-വനിതാ ടീമുകളിലായി നാലു മലയാളികളുണ്ടായിരുന്നു.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സ്വര്‍ണമെഡല്‍ ജേതാവിന് ഏഴുലക്ഷവും വെള്ളിമെഡല്‍ ജേതാവിന് അഞ്ചു ലക്ഷവും വെങ്കലമെഡലിന് 2.5 ലക്ഷവും രൂപയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

400 മീറ്ററിലും 4ഃ400 മീറ്ററിലും സ്വര്‍ണം നേടിയ മുഹമ്മദ് അനസ്, 1500 മീറ്ററില്‍ സ്വര്‍ണനേട്ടത്തോടെ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ പി.യു ചിത്ര, 10,000 മീറ്ററില്‍ വെള്ളി നേടിയ ടി.ഗോപി, ലോങ്ജമ്പില്‍ വെള്ളി നേടിയ വി നീന, വെങ്കലം നേടിയ നയന ജെയിംസ്, 400 മീറ്ററില്‍ വെങ്കലവും 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും നേടിയ ജിസ്ന മാത്യു, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി നേടിയ ആര്‍ അനു, വെങ്കലം നേടിയ ജാബിര്‍ എം.പി, ട്രിപ്പിള്‍ ജമ്പില്‍ വെങ്കലം നേടിയ എന്‍.വി ഷീന, 800 മീറ്ററില്‍ വെങ്കലം നേടിയ ജിന്‍സണ്‍ ജോണ്‍സണ്‍,  4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ കുഞ്ഞുമുഹമ്മദ്, അമോജ് ജേക്കബ് എന്നിവരാണ് കേരളത്തിന്റെ അഭിമാനമായത്.