ഓസീസിനോടും തോറ്റു, സെമിയില്‍ എത്താന്‍ വനിതകള്‍ക്ക് കാത്തിരിക്കണം

0
99

വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമിയിലെത്താമെന്ന ഇന്ത്യയുടെ മോഹത്തിന് വീണ്ടും തിരിച്ചടി. സെമിയിലെത്താനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീട്ടി ഓസ്ട്രേലിയ എട്ടു വിക്കറ്റിന് വിജയിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 277 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 29 പന്തുകൾ ബാക്കി നിൽക്കെ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് ന്യൂസിലൻഡുമായുള്ള അടുത്ത മത്സരം നിർണായകമായി.
പുറത്താകാതെ 76 റൺസെടുത്ത ക്യാപ്റ്റൻ മെഗ് ലാന്നിങ്ങും 60 റൺസടിച്ച എലിസ് പെരിയും ഓസീസിന് വിജയമൊരുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ മൂണിയും ബോൾട്ടനും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസീസിന് മികച്ച അടിത്തറയാണ് നൽകിയത്. ബോൾട്ടൻ 36 റൺസും മൂണി 45 റൺസും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 226 റൺസടിച്ചു. സെഞ്ചുറി നേടിയ പൂനം റൗട്ടും 69 റൺസ് നേടിയ ക്യാപ്റ്റൻ മിഥാലി രാജുമാണ് ഇന്ത്യയുടെ രക്ഷകരായത്. ഏകദിനത്തിൽ 6000 റൺസ് തികച്ച മിഥാലി ആ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വനിതാ താരമെന്ന റെക്കോഡും നേടി. ഒമ്പത് റൺസെടുക്കുന്നതിനിടയിൽ ഓപ്പണർ സ്മൃതി മന്ദാനയെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. മൂന്നു റൺസെടുത്ത സ്മൃതി ഗാർഡെണറുടെ പന്തിൽ പുറത്താവുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മിഥാലി-പൂനം കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 37.1 ഓവറിൽ 157 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
41-ാം ഓവറിൽ മിഥാലി പുറത്തായതോടെ ഇന്ത്യൻ ബാറ്റിങ്നിര തകർന്നു. അവസാന പത്ത് ഓവറിൽ ഇന്ത്യക്ക് അടിച്ചു തകർക്കാനായില്ല. ഹർമൻപ്രീത് കൗർ 23 റൺസിന് പുറത്തായി. പിന്നാലെ വേദ കൃഷ്ണമൂർത്തി (0), സുഷമ വർമ (6), ജൂലൻ ഗോസ്വാമി (2) എന്നിവരും ക്രീസ് വിട്ടു. 17 റൺസെടുക്കുന്നതിനിടയിലാണ് ഇന്ത്യക്ക് അഞ്ചു വിക്കറ്റ് നഷ്ടമായത്. ഓസീസിനായി മെഗൻ സ്‌കറ്റും എലിസെ പെരിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.