ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ സഹായിക്കുന്ന അത്യാധുനിക ഡോപ്ലെര്‍ വെതര്‍ റഡാര്‍ കൊച്ചിയിലെ പള്ളുരുത്തിയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന് ഉദ്ഘാടനം ചെയ്തു. ഇത്തരത്തില്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്ന 27-ാമത് റഡാറാണ് കൊച്ചിയിലേതെന്നും രാജ്യത്താകമാനം ഇത്തരം 25 റഡാറുകള്‍ കൂടി സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഹിമാലയന്‍ പ്രദേശത്തും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ റഡാര്‍ സംവിധാനം ഉപയോഗിച്ച് പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനാകും.
കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനം ഇന്ത്യന്‍ റെയില്‍വേ, സിവില്‍ വ്യോമയാനം തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചതായി ഡോ. ഹര്‍ഷ വര്ദ്ധന് പറഞ്ഞു. റഡാര്‍ സംവിധാനം കാര്‍ഷിക രംഗത്തും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ 22 ദശലക്ഷം കര്‍ഷകര്‍ക്ക് കാലാവസ്ഥ സംബന്ധിച്ച പ്രവചനങ്ങള്‍ ദിവസവും എസ്എംഎസ് ആയി ലഭ്യമാക്കുന്നുണ്ട്. 2013ല്‍ ഒറീസയില്‍ ഫൈലിന് ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ ആള്നാശമുണ്ടാകാതെ എല്ലാവരെയും ഒഴിപ്പിക്കാനായത് റഡാര്‍ സംവിധാനത്തിന്റെ കാര്യക്ഷമത മൂലമാണെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ കൊയ്നയില്‍ ഭൂചലന പ്രവചന കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഇതിനായി അഞ്ച് കിലോമീറ്റര്‍ കുഴിച്ച് സെന്‍സറുകള്‍ സ്ഥാപിച്ചു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. ചെറിയ ചലനങ്ങള്‍ പോലും ഇതിലൂടെ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കും. കാലാവസ്ഥാ പ്രവചനരംഗത്ത് അമേരിക്ക പോലുള്ള വന്‍കിട രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ ഇന്ത്യ വളര്‍ച്ച പ്രാപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിയുടെ 500 കിലോമീറ്റര്‍ ചുറ്റളവിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയാന്‍ ഡോപ്ലെര്‍ വെതര്‍ റഡാര്‍ സംവിധാനം വഴി സാധിക്കും. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെയും(ഐഎസ്ആര്‍ഒ) ബംഗലൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെയും സഹകരണത്തോടെയാണ് റഡാര്‍ വികസിപ്പിച്ചത്. കേന്ദ്ര ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആര്‍ഒ ചെയര്‍മാനുമായ ശ്രീ എ. എസ്. കിരണ്‍ കുമാര്‍, ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. കെ. ജെ. രമേഷ്, കൊച്ചിയിലെ സിഎംഎല്‍ആര്‍ഇ ഡയറക്ടര്‍ ഡോ. എം. സുധാകര്‍, റീജണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ മേധാവി ഡോ. ഡി. പ്രധാന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.