കാവ്യയ്ക്ക് എതിരായി നാല് തെളിവുകള്‍; ചോദ്യം ചെയ്യല്‍ ഉടന്‍ 

0
194


യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെതിരേ പൊലീസ് നീക്കങ്ങള്‍ ആരംഭിച്ചു . നടിക്കെതിരേ നാല് തെളിവുകള്‍ പോലീസിന് ലഭിച്ചെന്നാണ്ലേ വിവരം. കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര ശാലയായ ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തിയതിനും കടയില്‍ നിന്നും രണ്ടു ലക്ഷം രൂപ കൈപ്പറ്റിയതിനും തെളിവ് പൊലീസ് ശേഖരിച്ച സാഹചര്യത്തില്‍ കാവ്യയെയും അമ്മയെയും ചോദ്യം ചെയ്യുക എന്നത് അനിവാര്യമായി മാറിയിരിക്കുകയാണ്.

കാവ്യയുടെ പേരില്‍ ഉള്ളതും അമ്മ നടത്തുന്നതുമായ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര ശാലയാണ്  കാവ്യയെ നടി ആക്രമണ കേസുമായി ബന്ധിപ്പിക്കുന്ന കണ്ണി.സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കാവ്യയെ പോലീസ് ഉടന്‍ വിളിപ്പിക്കുമെന്നാണ് കരുതുന്നത്. ലക്ഷ്യയില്‍ നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു. പല രേഖകളും പോലിസ് പിടിച്ചെടുത്തു. ഇവിടെ വച്ചാണ് സുനിക്ക് പണം കൈമാറിയതെന്ന് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന.
സുനി ജയിലില്‍ നിന്നെഴുതിയ കത്തില്‍ കാക്കനാട്ടെ സ്ഥാപനത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

നടിയെ ആക്രമിച്ച രംഗങ്ങള്‍ പ്രതി പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കൈമാറാനാണ് കാക്കനാട് എത്തിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഇക്കാര്യം വെളിവാക്കുന്നുണ്ട്.  ലക്ഷ്യയില്‍ നിന്നും രണ്ടു ലക്ഷം രൂപ കൈപ്പറ്റിയതായി സുനി തന്നെ വെളിവാക്കിയിരുന്നു. ലക്ഷ്യയില്‍ നടന്ന റെയ്ഡില്‍ കടയുടെ കണക്കില്‍ നിന്നും രണ്ടു ലക്ഷം രൂപയുടെ കുറവുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയത് കാവ്യയുടെ അറിവോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.സുനി ലക്ഷ്യയില്‍ എത്തിയത് കാമുകിക്കൊപ്പമായിരുന്നു. ഇയാള്‍ ഒമ്പതു തവണ ഈ സ്ഥാപനത്തില്‍ വന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.

കാവ്യയ്ക്ക് പള്‍സര്‍ സുനിയുമായി നാല് വര്‍ഷത്തെ പരിചയയമാണ് ഉള്ളത്. 2013 ല്‍ എറണാകുളത്തെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടന്ന അമ്മ താര സംഘടനയുടെ റിഹെഴ്സലിന് ഇടയിലാണ് കാവ്യയും ദിലീപും പള്‍സര്‍ സുനിയെ പരിചയപ്പെടുന്നത്. അതേസമയം, കേസ് സാധാരണ ഒരു ആക്രമണ കേസായി ഒതുങ്ങില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ബലാല്‍സംഘം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം അപൂര്‍വമായ സംഭവമാണ്. കേസ് കോടതിയിലെത്തുമ്പോള്‍ ഈ ഭാഗം നിര്‍ണായകമായി മാറും. ഇങ്ങനെ കോടതി പരിഗണിച്ചാല്‍ കേസിലെ പ്രതികള്‍ക്ക്  കടുത്ത ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടുതല്‍ വകുപ്പുകള്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ ബലാല്‍സംഘം , വധശ്രമം, ഗൂഢാലോചന, സാമ്പത്തിക കുറ്റകൃത്യം എന്നീ വകുപ്പുകളെല്ലാം ചുമത്തിയേക്കും. ഈ വകുപ്പുകള്‍ കോടതി ശരിവച്ചാല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കും.

ദിലീപിനെതിരേ കൂട്ടമാനഭംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഗൂഢാലോചന കുറ്റം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളിത്തം തെളിയിക്കാന്‍ വേഗത്തില്‍ സാധിക്കും.അതേസമയം, ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കാവ്യയുടെ ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനരഹിതമായിട്ടുണ്ട്. വിവാഹ ശേഷം ഫേസ്ബുക്ക് പേജില്‍ മോശം കമന്റുകള്‍ നിറഞ്ഞിരുന്നു. വിവാഹ ശേഷം തന്നെ സമൂഹ മാധ്യമങ്ങളില്‍  അവര്‍ അത്ര സജീവമല്ലായിരുന്നു. പോലീസ് ഉടന്‍ വിളിപ്പിക്കും എന്നാല്‍ ചൊവ്വാഴ്ചയാണ് ഈ ഫേസ്ബുക്ക് പേജ് ഡി ആക്ടിവേറ്റായത്.