ദിലീപിന്റെ ജാമ്യാപേക്ഷയിലെ വിധി കോടതി മാറ്റി വെച്ചു

0
109

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റി വെച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷമായിരിക്കും ഇനി വിധി പറയുക.

പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ മൂന്ന് ദിവസമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്.

പോലീസിന്റെ കസ്റ്റഡി അപേക്ഷയാണ് കോടതി ആദ്യം പരിഗണിച്ചത്. പിന്നീട് 11 മണിക്ക് തുറന്നകോടതിയിലാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഗൂഢാലോചന കുറ്റം തെളിയിക്കുന്ന ഒരു തെളിവും പോലീസ് ഹാജരാക്കിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

തന്റെ പരാതിയിലെ തെളിവുകളാണ് തനിക്കെതിരായി ഉയര്‍ത്തുന്നത്. അന്വേഷണത്തോട് ഏതു തരത്തിലും സഹകരിക്കാന്‍ തയ്യാറാണെന്നും അതുകൊണ്ട് ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

വ്യക്തിവൈരാഗ്യം മൂലം കെട്ടിപ്പൊക്കിയ കഥയാണിതെന്നും ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ കോടതിയില്‍ പറഞ്ഞു. ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ട നിലയ്ക്ക് പ്രാഥമിക വാദം മാത്രമാണ് ഇന്ന് കോടതി കേട്ടത്.

ആലുവ സബ്ജയിലില്‍നിന്ന് രാവിലെ 10.25ഓടെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. ദിലീപിനെ ഹാജരാക്കാന്‍ കൊണ്ടുവരുന്നതറിഞ്ഞ് അങ്കമാലി കോടതി പരിസരത്ത് വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. കൂകിവിളിച്ചാണ് ജനങ്ങള്‍ ദിലീപിനെ വരവേറ്റത്.