നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ, പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്ന കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലാണ് ഏറ്റവും ഒടുവില്‍ ദിലീപിനെ എത്തിച്ചത്. വലിയ ആള്‍ക്കൂട്ടമാണ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയത്. ദിലീപിനെയും വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം എത്തിയപ്പോള്‍ കൂവലോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. അബാദ് പ്ലാസ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയില്‍ കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. തോപ്പുംപടി സിഫ്റ്റ് ജംക്ഷനിലെത്തിച്ചും തെളിവെടുത്തു.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ദിലീപ് ചിത്രമായ ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ഷൂട്ടിങ് ഇവിടെ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടനെ ഇവിടെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിനു മുന്നോടിയായി ദിലീപിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
അതേസമയം, ദിലീപിനെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം ഇവിടേക്ക് ഒഴുകിയെത്തിയതിനാല്‍ താരത്തെ പൊലീസ് വാഹനത്തില്‍നിന്ന് പുറത്തിറക്കിയില്ല. അസഭ്യം ചൊരിഞ്ഞും കൂക്കിവിളിച്ചുമാണ് ജനക്കൂട്ടം ദിലീപിനെ ‘വരവേറ്റത്’. ആള്‍ക്കൂട്ടത്തില്‍ ഒരു വിഭാഗം ദിലീപുമായെത്തിയ വാഹനം തടയാനും ശ്രമിച്ചു. തെളിവെടുപ്പിനിടെ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ ദിലീപിനെതിരെ പ്രതിഷേധപ്രകടനവും നടത്തി. ഇവിടുത്തെ ഷൂട്ടിങ്ങിനിടെ, ഇക്കഴിഞ്ഞ നവംബര്‍ 14ന് സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
2013 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഏഴുവരെ പലതവണ എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയില്‍ കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. 2016 നവംബര്‍ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ‘സിഫ്റ്റ്’ ജംക്ഷന്, നവംബര്‍ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിങ് ലൊക്കേഷന്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ കണ്ടതിനും തെളിവു ലഭിച്ചിട്ടുണ്ട്. ‘ജോര്‍ജേട്ടന്‍സ് പൂരം’ ചിത്രീകരണവേളയില്‍ 2016 നവംബര്‍ 13നു തൃശൂര്‍ ടെന്നിസ് ക്ലബ്ബില്‍ നിര്‍ത്തിയിട്ട കാരവന് വാഹനത്തിന്റെ മറവില്‍ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷിമൊഴിയുണ്ട്. ഇവിടങ്ങളിലെല്ലാം ദിലീപുമൊത്ത് പൊലീസ് തെളിവെടുപ്പു നടത്തുമെന്നാണ് വിവരം.