നടിയെ ആക്രമിച്ച കേസില്‍ സിനിമാതാരം ദിലീപിനെ അങ്കമാലി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയുമാണ് ഇന്ന് കോടതി പരിഗണിച്ചത്. അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്.
ആലുവ സബ്ജയിലില്‍നിന്ന് രാവിലെ 10.25ഓടെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. അഞ്ച് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദിലീപിനെ സബ്ജയിലില്‍നിന്ന് കോടതിയിലെത്തിച്ചത്.ദിലീപിനെ ഹാജരാക്കാന്‍ കൊണ്ടുവരുന്നതറിഞ്ഞ് അങ്കമാലി കോടതി പരിസരത്ത് വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. കൂകിവിളിച്ചാണ് ജനങ്ങള്‍ ദിലീപിനെ വരവേറ്റത്. കോടതിയ്ക്കു മുന്നില്‍ റോഡിന്റെ ഇരുവശവും ബാരിക്കേഡ് തീര്‍ത്താണ് പോലീസ് സുരക്ഷ ഒരുക്കിയത്.